ഒരു മഹത്തായ സ്ഥാപനത്തേയും മറ്റൊരു മഹദ് വ്യക്തിത്വത്തേയും മനം നിറഞ്ഞ് ആദരിച്ച് പരിയാരം പ്രസ്‌ക്ലബ്ബ്-

പരിയാരം: ഒരു മഹത്തായ ദൗത്യം നിറവേറ്റിയ ആരോഗ്യസ്ഥാപനത്തെയും  ആരോഗ്യസര്‍വകലാശാലയുടെ ഭരണസമിതിയില്‍ നിര്‍ണായക സ്ഥാനം ലഭിച്ച വ്യക്തിത്വത്തെയും പരിയാരം പ്രസ്‌ക്ലബ്ബ് ഇന്ന് നടന്ന ചടങ്ങില്‍ ആദരിച്ചു.

കോവിഡ് രൂക്ഷമായ കാലഘട്ടത്തില്‍ വടക്കേമലബാറുകാരുടെ ഏക ആശ്രയമായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായി പരിയാരം പ്രസ്‌ക്ലബ്ബിന്റെ മൊമന്റൊ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററില്‍ നിന്നും ഏറ്റുവാങ്ങി.

കോവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടും കോവിഡ് ഇതര ചികില്‍സകളും നടത്തിയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹൃദ്രോഗ ചികില്‍സയും കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് നല്‍കിയ ശസത്രക്രിയ ഉള്‍പ്പെടെയുള്ള പരിചരണവും എടുത്തുപറയേണ്ടതാണ്.

350 കോവിഡ് രോഗികള്‍ വാര്‍ഡുകളിലും 100 പേര്‍ ഐസിയുവിലും കഴിയുന്ന സമയത്ത് പോലും കോവിഡ് ഇതര ചികില്‍സകള്‍ വിജയകരമായി നടത്തിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ സേവനചരിത്രം വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്നതാണെന്ന് പറയാതെവയ്യ.

വിമര്‍ശനങ്ങള്‍ അവഗണിച്ച് നല്‍കിയ സേവനങ്ങള്‍ക്ക് നാം ഡോക്ടര്‍മാരോടും ഇവിടത്തെ മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്നതിന്റെ സാക്ഷ്യപത്രമായി ഈ ആദരവ് മാറി. 

അതുകൊണ്ടു തന്നെ മെഡിക്കല്‍ കോളേജിനെ മൊത്തം ആദരിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണ്. നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ തന്നെ അതിന് തുടക്കംകുറിക്കുകയായിരുന്നു.

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ജനകീയ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ കഴിഞ്ഞ ദിവസമാണ് കേരളാ ആരോഗ്യസര്‍വകലാശാലയുടെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുത്തത്. മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ഡോ.ഗോപകുമാറിന് മൊമന്റോ സമ്മാനിച്ചു.

ഈ സ്ഥാനത്ത് കണ്ണൂര്‍ ഗവ.ആയുര്‍വേദകോളേജില്‍ നിന്നും ആദ്യമായ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയിലും കണ്ണൂര്‍ ആയുര്‍വേദ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി ക്യാമ്പുകളിലൂടെ ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ച ആരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയിലുമാണ് പരിയാരം പ്രസ്‌ക്ലബ്ബ് ഡോ.എസ്.ഗോപകുമാറിനെ ആദരിച്ചത്.