താനിപ്പോള്‍ താരമല്ലെന്നും സാധാരണ വീട്ടമ്മ മാത്രമാണെന്നും നടി സംയുക്താവര്‍മ്മ

കൈതപ്രം: താനിപ്പോള്‍ താരമല്ലെന്നും സാധാരണ വീട്ടമ്മ മാത്രമാണെന്നും നടി സംയുക്താവര്‍മ്മ.

കൈതപ്രത്തെ സോമയാഗവേദിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും തന്നെ ഓര്‍മ്മിക്കുന്നതിന് സംയുക്ത നന്ദിപറഞ്ഞു.

യോഗ മാസ്റ്ററായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് താന്‍ യാഗഭൂമിയിലെത്തിയതെന്നും, ഇവിടെ വരാന്‍ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുജ്ജന്‍മ പുണ്യവുമാണെന്നും അവര്‍ പറഞ്ഞു.

ഇന്ന് രാവിലെ തന്നെ സോമയാഗം നടക്കുന്ന സ്ഥലത്തെത്തിയ അവര്‍ യാഗത്തിന്റെ പ്രധാനകര്‍മ്മങ്ങളിലൊന്നായ പ്രവര്‍ഗ്യം നേരില്‍ ദര്‍ശിച്ച് ആത്മനിര്‍വൃതി നേടുകയും ചെയ്തു.

സംയുക്താ വര്‍മ്മയെ യാഗസമിതി ചടങ്ങില്‍ ആദരിച്ചു.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി, പ്രശാന്ത്ബാബു കൈതപ്രം എന്നിവര്‍ പ്രസംഗിച്ചു.