അന്താരാഷ്ട്ര ചന്ദനമാഫിയ സംഘത്തിലെ കണ്ണികളായ ഏഴുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: അന്താരാഷ്ട്ര ചന്ദനമാറിയ സംഘത്തിലെ സുപ്രധാന കണ്ണികള്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

എട്ടംഗസംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, ഏഴുപേര്‍ അറസ്റ്റില്‍.

ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

ഓലയമ്പാടി പെരുവാമ്പയിലെ പി.വി.നസീര്‍ (43), പെരുന്തട്ടയിലെ വത്സന്‍ രാമ്പേത്ത് (43) എം.ചിത്രന്‍ (42), കുവപ്രത്ത് ശ്രീജിത്ത്(37), പാണപ്പുഴയിലെ ബാലകൃഷ്ണന്‍(48), ചന്ദ്രന്‍(62), മാതമംഗലത്തെ സവിന്‍ വിസ്വനാഥന്‍(25) എന്നിവരാണ് പിടിയിലായത്.

മാതമംഗലത്തെ ജിഷ്ണു(25)ആണ് ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി.രതീശന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യില്‍ നിന്നാണ് ചന്ദനം പിടികൂടിയത്.

ജൂണ്‍ 4ന് മലയാളികള്‍ ഉള്‍പ്പെടെ 6 പേരെ കണ്ടെയ്നറില്‍ കടത്തുകയായിരുന്ന 1650 കിലോ ഗ്രാം ചന്ദനവുമായി സേലത്തുനിന്ന് തമിഴ്നാട് വനംവകുപ്പ് പിടികു ടിയിരുന്നു. ഇതില്‍ പ്രതികളായ മലപ്പുറം സ്വദേശി ഐ.ടി.മുഹമ്മദ് അബ്രാല്‍, എ.പി.മുഹമ്മദ് മിഷാല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ പെരുവാമ്പയിലെ പി.വി.നസീര്‍ മുഖേനെയാണ് ഇവര്‍ക്ക് ചന്ദനം ലഭിക്കുന്നതെന്ന് മനസ്സിലായി.

തുടര്‍ന്ന് നസീറും ഇയാള്‍ക്കുവേണ്ടി പണമിട പാട് നടത്തുന്ന വത്സനും പിടിയിലായെങ്കിലും അവസാന നിമിഷം രക്ഷപ്പെട്ടു.

ഇവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ നസീറിന്റെ ഫോണിലേക്ക് ചന്ദനം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഒട്ടേറെപ്പേര്‍ വിളിക്കുന്നുണ്ടായിരുന്നു.

ഇത്തരത്തില്‍ വിളിച്ച ചിത്രനും ശ്രീജിത്തുമാണ് മാത്തില്‍ പുതിയ റോഡില്‍വച്ച് പിടിയിലായത്. രാത്രിയോടെ ചന്ദനം വില്‍ക്കാന്‍ വിളിച്ച മറ്റ് 3 പേരെയും കസ്റ്റഡിയില്‍ലെടുത്തു.

ഈസംഘം മുഖേന ചുരുങ്ങിയ കാലത്തിനുള്ളില്‍ 1000 കിലോഗ്രാമിലധികം ചന്ദനമെങ്കിലും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുറിച്ച് കടത്തിയതായാണ് സൂചന.

ലക്ഷക്കണ ക്കിന് രൂപയുടെ കൈമാറ്റവും നടന്നു.

ചന്ദനം മുറിക്കുന്നവര്‍ക്ക് പുറമേ ഇടനിലക്കാരും ഫാക്ടറിയുമായി ബന്ധമുള്ളവരും ഉള്‍പ്പെടെ ആദ്യമായാണ് പിടിയിലാകുന്നതെന്ന് റേഞ്ചര്‍ പി.രതീശന്‍ പറഞ്ഞു.

വനംവകുപ്പ് എസ്എഫ്ഒ മാരായ സി.പ്രദീപന്‍, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വര്‍ഗീസ്, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും പ്രതികളെ പിടികുടിയ സംഘത്തില്‍ ഉണ്ടായിരുന്നു.