യോദ്ധാ, വ്യൂഹം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സംഗീത് ശിവന്‍ നിര്യാതനായി.

തിരുവനന്തപുരം: തിരുവനന്തപുരം: സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു.

രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്

സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി;

പുനെയിലെ ഫിലിം അപ്രീസിയേഷന്‍ കോഴ്സ് പഠന കാലത്താണ് ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും താന്‍ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതെന്നുമുള്ള ദിശാബോധം സംഗീത് ശിവന് ലഭിച്ചത്

തിരുവനന്തപുരം: പുനെയിലെ ഫിലിം അപ്രീസിയേഷന്‍ കോഴ്സ് പഠന കാലത്താണ് ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും താന്‍ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതെന്നുമുള്ള ദിശാബോധം സംഗീത് ശിവന് ലഭിച്ചത്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു. ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികള്‍ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷന് വേണ്ടിയും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തു. പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന്‍ സന്തോഷ് ശിവന്‍, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സില്‍ ആദ്യം പാകുന്നത്.

അത് വരെ ഒരു സംവിധാന സഹായി പോലും ആയി പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തില്‍ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും സംഗീതിനെ ഉപദേശിച്ചതും സന്തോഷ് ശിവന്‍ തന്നെ. അങ്ങനെയാണ് 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി ‘വ്യൂഹം’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്.

ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹന്‍ ലാലിനെ നായകനാക്കി യോദ്ധ എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധര്‍വ്വം’, ‘നിര്‍ണ്ണയം’ തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്സ്’ എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. യോദ്ധയിലൂടെ എ ആര്‍ റഹ്‌മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. യോദ്ധയ്ക്ക് രണ്ടാം ഭാഗം ഒരുക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സംഗീത് ശിവന്‍ ഓര്‍മ്മയായത്.