മനസിനെ നൊമ്പരപ്പെടുത്തുന്ന ഇടവേളക്ക് 42 വര്‍ഷം

യുവത്വത്തിന്റെ ആവേശവും തമാശകളും കുസൃതികളും അവസാനം അവരെ ദുരന്തത്തിലേക്ക് നയിക്കുന്ന ഒരു സിനിമയാണ് 1982 മെയ്-7 ന് ഇന്നേക്ക് 42 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത മോഹന്‍ സംവിധാനം നിര്‍വ്വഹിച്ച ഇടവേള. ഇടവേള ബാബുവിന്റെ ആദ്യത്തെ സിനിമയാണിത്. പി.പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഇടേവളയില്‍ അശോകന്‍, ഇടവേള ബാബു, നളിനി, ഇന്നസെന്റ്, ജയദേവി, ശങ്കരാടി, പേംപ്രകാശ്, തൊടുപുഴ വാസന്തി, തമിഴ്താരം ദിലീപ് എന്നിവരാണ് പ്രധാന വേഷത്തില്‍. കാവാലത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.ബി.ശ്രീനിവാസന്‍. ക്യാമറ-യു.രാജഗോപാല്‍, എഡിറ്റര്‍ വെങ്കിട്ടരാമന്‍. ശ്രേയസ് ഫിലിംസ് നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത്. സെഞ്ച്വറി ഫിലിംസ്.

കഥാ പശ്ചാത്തലം-

യൗവ്വനാരംഭത്തിലെ കുസൃതികളും സാഹസികതകളും അവയില്‍ പതിയിരിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് സിനിമയുടെ വിഷയം.
പത്ത് ദിവസമെങ്കിലും ഫ്രീ ആയി കഴിഞ്ഞ് മരിച്ചാലും കുഴപ്പമില്ലെന്ന് കരുതുന്ന കോളേജ് കുമാരന്മാരായ നാല്‍വര്‍ സംഘം. തോമസുകുട്ടിയും (അശോകന്‍), രവിയും (ഇടവേള ബാബു) ആണ് പ്രധാനികള്‍. സിഗരറ്റുവലി, മദ്യപാനം, നീലച്ചിത്രം കാണല്‍ തുടങ്ങിയ കലാപരിപാടികളുമായി നീങ്ങുന്ന അവരുടെ ജീവിതം പൊടുന്നനെയാണ് കീഴ്‌മേല്‍ മറിഞ്ഞത്. എന്‍.സി.സി ക്യാമ്പില്‍ വെച്ചുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ ക്യാമ്പ് വിട്ടിറങ്ങിയ നാലുപേരും മൂന്നാറിലേക്ക് പോയി കള്ളപ്പേരില്‍ ഹോട്ടലില്‍ താമസിക്കുന്നു. അവിടെ കണ്ടുമുട്ടിയ മാളു എന്ന ഒരു പെണ്‍കുട്ടിയുമായി (നളിനി) ഇവര്‍ ചങ്ങാത്തം സ്ഥാപിച്ചു.
മാളു രവിയോട് കാട്ടുന്ന അനുഭാവം ലീഡറായ തോമസുകുട്ടിക്ക് സഹിക്കുന്നില്ല. പുഴയുടെ തീരത്ത് ഫോട്ടോ എടുത്ത് സല്ലപിച്ച് നടന്ന രവി-മാളുമാരെ മറ്റ് മൂന്നുപേരും ചേര്‍ന്ന് പിന്‍തുടരുന്നു. തോമസുകുട്ടി മാളുവിനെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ട് വിവരം പറയാന്‍ ഹോട്ടലിലേയ്ക്ക് ഓടിയ രവി വഴിയിലെ ചതുപ്പില്‍ താണ് മരിച്ചു. ഭയന്ന മൂവര്‍സംഘം തെളിവ് നശിപ്പിക്കാന്‍ ചെളിക്ക് മീതെ കണ്ട രവിയുടെ കാമറ കമ്പ് കൊണ്ട് കുത്തിത്താഴ്ത്തുന്നു. തോമസ്‌കുട്ടിയാണ് എല്ലാറ്റിനും കാരണമെന്ന് പറഞ്ഞ് മറ്റഖ് രണ്ട് സുഹൃത്തുക്കളും മാളുവും തോമസിനെ കുറ്റപ്പെടുത്തുന്നു. മാനസികമായി തകര്‍ന്ന തോമസ്‌കുട്ടിയെ കാണാതാവുന്നു. അന്വേഷണത്തില്‍ രവി മുങ്ങിത്താഴ്ന്ന ചതുപ്പിലേക്ക് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ തോമസ് കുട്ടിയെ കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുന്നു. അശോകന്റെ തോമസ്‌കുട്ടി അസാധാരണ അഭിനയമികവിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് ഇടവേള. കാവാലം-എംബി ശ്രീനിവാസന്‍ ടീമിന്റെയാണ് ഗാനങ്ങള്‍. കൃഷ്ണചന്ദ്രന്‍ പാടിയ ‘മഞ്ഞുമ്മ വയ്ക്കും മല്ലികയ്ക്കുള്ളില്‍’ ശ്രദ്ധേയം.