മിടുക്കരെ പറ്റിച്ചേ—സൈറ്റ് ബ്ലോക്കാക്കി വെച്ച് പട്ടികജാതി വകുപ്പ് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് നല്‍കി വരുന്ന സ്‌പെഷ്യന്‍ ഇന്‍സെന്റീവിന് അപേക്ഷ നല്‍കാന്‍ സാധിക്കാതെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലയുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് ഫസ്റ്റ് ക്ലാസും ഡിസ്റ്റിങ്ങ്ഷനും നേടുന്ന പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളെ
പ്രോല്‍സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം അനുവദിച്ചത്.

എസ്.എസ്.എല്‍സി ക്ക് ഫസ്റ്റ് ക്ലാസിന് 1500 രൂപയും ഡിസ്റ്റിങ്ങ്ഷന് 2500 രൂപയുമാണ്.

പ്ലസ്ടുവിന് 2500, 5000, ഡിഗ്രി 3500 7500, പി.ജി-പ്രൊഫഷണല്‍ കോഴ്‌സ് എന്നിവയ്ക്ക് 5000, 10000 എന്നിങ്ങനെയാണ് പ്രോല്‍സാഹന സാമ്പത്തിക സഹായം നല്‍കിവരുന്നത്.

ഈ വര്‍ഷം വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വന്നിട്ട് മാസങ്ങളായിട്ടും ഒരു വിദ്യാര്‍ത്ഥിക്ക് പോലും അപേക്ഷ നല്‍കാനായിട്ടില്ല.

അക്ഷയാ കേന്ദ്രങ്ങളില്‍ കയറിയിറങ്ങി മടുക്കുകയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.

സൈറ്റ് ഓപ്പണാകുന്നില്ല എന്ന സ്ഥിരം മറുപടിയാണ് അപേക്ഷകര്‍ക്ക് ലഭിക്കുന്നത്.

പട്ടികജാതി വികസന ഓഫീസുകളിലെത്തി വെള്ളക്കടലാസില്‍ അപേക്ഷ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ വഴി തന്നെ നല്‍കണമെന്നാണ് മറുപടിയെന്ന് ഒരു രക്ഷിതാവ് പറയുന്നു.

സൈറ്റ് എപ്പോള്‍ ഓപ്പണാകുമെന്ന ചോദ്യത്തിന് അത് തങ്ങള്‍ക്കറിയില്ലെന്ന് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്.

പണം നല്‍കാതെ പട്ടികജാതി വിദ്യാര്‍ത്ഥികളെ
സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പട്ടികജാതി സംഘടനകള്‍ പരാതിപ്പെടുന്നു.