ഇപ്പം ശരിയാക്കുന്ന സുലൈമാന്‍മാര്‍ പരിയാരത്തെ മെഡിക്കല്‍ കോളേജിലും

സ്വകാര്യ സ്‌കാനിംഗ് സെന്ററിലേക്ക് രോഗികളെ മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ടുവരുന്നു.

പരിയാരം:ശ്രീനീവാസന്‍ തിരക്കഥയെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1988 ല്‍ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ സുലൈമാന്‍ എന്ന മെക്കാനിക്ക് പറയുന്നതുപോലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതരും പറയുന്നു, ഇപ്പം ശരിയാക്കിത്തരാം. പക്ഷെ, ഒന്നും നടക്കുന്നില്ല.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സി.ടി. സ്‌കാന്‍ പീഡനം തുടരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സി.ടി.സ്‌കാന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളെ ആശ്രയിക്കുകയാണ്.

വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതില്‍ കാണിച്ച അലംഭാവം കാരണമാണ് സി.ടി.സ്‌കാന്‍ മെഷീന്‍ കേടായതെന്നാണ് വിവരം.

ആരോഗ്യ ഇന്‍ഷൂറന്‍സും കാരുണ്യ പദ്ധതിയും ഉപയോഗപ്പെടുത്തുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടായത്.

മറ്റുള്ളവര്‍ക്കും സ്വകാര്യ സ്‌കാനിംഗ് സെന്ററുകളില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ സ്‌കാനിംഗ് നടത്താന്‍ സാധിക്കാറുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വളക്കൈ ബസ് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയായ ശ്രീനായ് സഹാനി(12) യെ ചികിത്സക്കായി പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിപ്പോഴാണ് സി.ടി.സ്കാന്‍ മെഷീന്‍ കേടായതായി ഒപ്പമുള്ളവര്‍ അറിയുന്നത്.

ഉടന്‍ തന്നെ കുട്ടിയെ പരിയാരത്ത് ദേശീയ പാതക്കപ്പുറമുള്ള സ്വകാര്യ സ്‌കാനിംങ്ങ് കേന്ദ്രത്തില്‍ എത്തിച്ചാണ് പരിശോധന നടത്തിയത്.

പരിയാരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ സ്വകാര്യ സ്‌കാനിംഗ് സെന്ററിനെ സഹായിക്കാനാണോ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്താതെ സ്‌കാനിംഗ് മെഷീന്‍ കോടാവുന്നതുവരെ കാത്തിരുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

വാഹനാപകടകേസുകളില്‍ എത്തുന്ന രോഗികളെയും സ്‌കാനിംഗ് ആവശ്യമുള്ള മറ്റ് രോഗികളെയും ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ 600 രൂപയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.

സ്‌കാനിംഗ് മെഷീനിന്റെ കേടായ ഒരു ഉപകരണം ലഭിക്കാനുള്ള കാലതാമസമാണ് റിപ്പേര്‍ വൈകാന്‍ കാരണമായതെന്ന് പറയാന്‍ തുടങ്ങിയിട്ട് തന്നെ ആഴ്ച്ചകളായി.