85 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഷീലോഡ്ജ് പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് 7 മാസം പിന്നിടുന്നു.

തളിപ്പറമ്പ്: നിര്‍മ്മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ ഷീലോഡ്ജ് കഴിഞ്ഞ 7 മാസമായി പൂട്ടിക്കിടക്കുന്നു.

35 ലക്ഷം രൂപ ചെലവില്‍ ഒന്നാംനിലകൂടി പണിതശേഷം തുറക്കാമെന്നാണത്രേ തീരുമാനം. താഴത്തെ നില ഉപയോഗപ്പെടുത്തിയശേഷം പോരേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇവിടെ പ്രസക്തി കൂടുന്നു.

2024 ഫിബ്രവരി നാലിനാണ് ഉദ്ഘാടനം ഷീലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞത്.

രാത്രി വൈകി തളിപ്പറമ്പ് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും, വിദൂര പ്രദേശങ്ങളില്‍ നിന്ന് വന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സുരക്ഷിതമായി ചുരുങ്ങിയ ചെലവില്‍ താമസിക്കാനൊരിടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷീ-ലോഡ്ജ് & വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും, ജില്ലാപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം 27 ലക്ഷം രൂപയും, അടക്കം ആകെ 85 ലക്ഷം രൂപ ചെലവിലാണ് പണി പൂര്‍ത്തീകരിച്ചത്. 2024-25 വര്‍ഷം ഇതിന്റെ ഒന്നാം നില നിര്‍മ്മാണത്തിനായി 35 ലക്ഷം രൂപ കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെ 1.20 കോടി രൂപയാണ് ഷീലോഡ്ജ് എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുക.

പണി പൂര്‍ത്തീകരിക്കുമ്പോള്‍ നിര്‍മ്മാണ ചെലവ് വീണ്ടും കൂടാനും സാധ്യതയുണ്ട്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നിരവധി കെടുകാര്യസ്ഥതകളുടെയും ധൂര്‍ത്തിന്റെയും ഉദാഹരണമാണ് ഈ ഷീലോഡ്ജ് എന്ന് നാട്ടുകാര്‍ പറയുന്നു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒടുവള്ളിത്തട്ട് കുടുംബാരോഗ്യകേന്ദ്രം വളപ്പില്‍ അനാവശ്യമായി നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പൂട്ടിയിട്ടതുപോലെയുള്ള ഒരു പരിപാടിയാണ് ഷീലോഡ്ജ് നിര്‍മ്മാണമെന്ന് സംശയിക്കേണ്ടതുണ്ടെന്നും, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിച്ച് പണം ധൂര്‍ത്തടിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിക്കണമെന്ന് മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ ആവശ്യപ്പെട്ടു.

13 ലക്ഷത്തോളം ചെലവഴിച്ച് നിര്‍മ്മിച്ച മഴജലാശയപാര്‍ക്കും മഴവെള്ള സംഭരണിയും നേരത്തെ ഉപയോഗശൂന്യമായിരുന്നു.

സി.പി.എം പ്രാദേശിക നേതാവായ സി.എം.കൃഷ്ണന്‍ പ്രസിഡന്റായ ഭരണസമിതി നാലു വര്‍ഷം പിന്നിടുമ്പോള്‍ വിവാദങ്ങളാണ് അകമ്പടിയാവുന്നത്.

ബ്ലോക്ക് പഞ്ചായത്തിന് സമീപത്തെ ഒരു കുടുംബത്തെ കഴിഞ്ഞ 3 വര്‍ഷമായി കാറ്റും വെളിച്ചവും കടക്കാത്ത മതില്‍ നിര്‍മ്മിച്ച് പീഡിപ്പിക്കുന്നത് തുടരുകയാണ്.

91 വയസുകാരനായ കുടുംബനാഥന്‍ കാറ്റും വെളിച്ചവും കിട്ടാതെയാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് മരണപ്പെട്ടത്.

ഇതില്‍ പ്രതിഷേധിച്ച് കുടുംബം ആഗസ്റ്റ് 15 ന് മതിലിന് സമീപം പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയിരുന്നു.

അമിതമായ ഉയരത്തില്‍ നിയമം ലംഘിച്ച് പ്രതികാരമതില്‍ പണിത് പീഡിപ്പിക്കുന്നതിനെതിരെ കുടുംബം സി.എം.കൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കയാണ്.