ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ ചെറുതാഴത്ത്-ഉദ്ഘാടനം ജനുവരി 16 ന്.

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ നാളെ ചെറുതാഴത്ത് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

31.59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗരര്യങ്ങളോടെ കൃഷിഭവന്‍ സ്മാര്‍ട്ടാക്കി മാറ്റിയത്. സ്മാര്‍ട്ട് ക്ലാസ്‌റൂം, സസ്യാരോഗ്യ ക്ലനിക്ക്, കാര്‍ഷിക കര്‍മ്മസേന, ഇക്കോഷോപ്പ് എന്നിവയും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.

പൂര്‍ണ്ണമായി ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിനായുള്ള സോഫ്റ്റ്‌വേര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് വേഗത്തില്‍ കാര്യക്ഷമമായ സേവനം എത്തിക്കലാണ് ലക്ഷ്യം.

ഓഫീസിലെത്തുന്നവര്‍ക്ക് ടെലിവിഷന്‍, വാട്ടര്‍ പ്യൂരിഫയര്‍ വഴിയുള്ള കുടിവെള്ളം എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്രോപ്പ് അഡൈ്വസറി മാസം തോറും പ്രസിദ്ധീകരിക്കും. രോഗകീടങ്ങളുടെ സ്‌പെസിമന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ളള ബോധവല്‍ക്കര ക്ലാസുകളും ഉണ്ടാവും. കൂടാതെ മണ്ണ് പരിശോധന, പി.എച്ച് പരിശോധന എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് സ്മാര്‍ട്ട്കാര്‍ഡ് നല്‍കിക്കൊണ്ടാണ് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുക.

എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കൃഷിസമൃദ്ധി പദ്ധതിയില്‍ 80,000 പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരിയും ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനം കല്യാശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിറും ശുചിത്വ സന്ദേശയാത്ര ഫ്‌ളാഗ് ഓഫ് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.സുനില്‍കുമാറും നിര്‍വ്വഹിക്കും.

സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ എം.എന്‍.പ്രദീപന്‍ വിശദീകരിക്കും.

കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ വിഷ്ണു.എസ്.നായര്‍ കൃഷി സമൃദ്ധി പദ്ധതി വിശദീകരിക്കും.

കൃഷിഓഫീസര്‍ ജയരാജന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തുടര്‍ന്ന് ശുചിത്വ സന്ദേശ യാത്ര എന്ന സാമൂഹ്യ സംഗീത നാടകവും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍ എന്നിവരും പങ്കെടുത്തു.