ഡെയിഞ്ചര്‍മോന്‍ അറസ്റ്റില്‍-പ്രതിയെ പിടികൂടിയത് അതിസമര്‍ത്ഥമായ നീക്കത്തിലൂടെ.
തളിപ്പറമ്പ്: ഒന്നര പവന്റെ മാല പൊട്ടിച്ച കള്ളന്‍ അറസ്റ്റിലായി.
മാട്ടൂല്‍ ജസീന്തയിലെ കൊയിലേരിയന്‍ ഡെയിന്‍ ജോമോന്‍(19)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി സമര്‍ത്ഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്.
ഡിസംബര്‍ 7 ന് വൈകുന്നേരം ആറോടെയാണ് പൂക്കോത്ത് നടയില്‍ റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന 74 കാരിയായ പട്ടാണി കമലാക്ഷിയുടെ കഴുത്തില്‍ നിന്നും ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് യുവാവ് ഓടി രക്ഷപ്പെട്ടത്.
പൂക്കോത്ത്‌നട എല്‍.ഐ.സി റോഡില്‍ വെച്ചായിരുന്നു സംഭവം.
എതിരെ നടന്നുവന്ന് മാലപൊട്ടിച്ചെടുത്ത ഡെയിന്‍ ജോമോന്‍ അതിവേഗത്തില്‍ ഓടി ക്ലാസിക്ക് തീയേറ്റര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു.
സി.സി.ടി.വികളില്‍ നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് സൈബര്‍സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സംഭവം നടന്ന സമയത്ത് പൂക്കോത്ത്‌നട ഭാഗത്തെ മൊബൈല്‍ടവറിന് കീഴില്‍ ഉണ്ടായിരുന്ന ആളുകളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നിരവധിപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
എസ്.ഐ ദിനേശന്‍ കൊതേരിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് (ജനുവരി-5) വൈകുന്നേരം തളിപ്പറമ്പ് ടൗണില്‍ വെച്ച് പ്രതി പിടിയിലായത്.
മാട്ടൂല്‍ തങ്ങള്‍പള്ളിക്ക് സമീപം താമസക്കാരനായ പ്രതി കുറച്ചുകാലമായി ജസീന്തയിലാണ് താമസിച്ചുവരുന്നത്.
ചെറുപ്പത്തില്‍ തന്നെ കൊച്ചുകൊച്ചു മോഷണങ്ങള്‍ നടത്തിയിരുന്ന ഡെയിന്‍ ജോമോനെ നാട്ടുകാര്‍ ഡെയിഞ്ചര്‍മോന്‍ എന്നാണ് വിളിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.