വടക്കേമലബാറിലെ ഏറ്റവുംവലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു.
പരിയാരം : മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനി പുതിയ ഉയരങ്ങളിലേക്ക്. 1.86 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച വടക്കേമലബാറിലെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി.
കണ്ണൂര്‍ ജില്ലയിലെ പരിയാരം അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറിയിലാണ് 446 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജപ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
ഫാക്ടറിയുടെ മേല്‍ക്കൂരകളിലായി സ്ഥാപിച്ച സോളര്‍ പാനലുകളില്‍നിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക.
545 വാട്‌സ് പവര്‍ ശേഷിയുള്ള 819 പാനലുകളില്‍നിന്നുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കും വൈദ്യുതി നല്‍കും.
പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ഇതുവഴി കണ്‍സോര്‍ഷ്യത്തിന് വൈദ്യുതിയിനത്തില്‍ ലാഭിക്കാനാവുക.
പ്രതിവര്‍ഷം 2000 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ 335 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറയ്ക്കാന്‍ ഈ സോളാര്‍പ്ലാന്റിലൂടെ സാധിക്കുമെന്ന് പ്ലാന്റ് നിര്‍മ്മാണം നിര്‍വ്വഹിച്ച ടാറ്റാ പവര്‍ മാനേജര്‍ ഷിജു.കെ.ജോര്‍ജ് പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ഫാക്ടറികളിലൊന്നാണ് 32 ഫര്‍ണിച്ചര്‍ വ്യവസായികളുടെ കൂട്ടായ്മയായ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം.
ടാറ്റാ സോളര്‍ കമ്പനിയുടെ മോണോക്രിസ്റ്റലിന്‍ ഹാഫ് കട്ട് പാനലുകളാണ് ഫാക്ടറിയുടെ മുകള്‍ഭാഗത്തായി സ്ഥാപിച്ചിരിക്കുന്നത്.
കണ്ണൂര്‍ അസി.കളക്ടര്‍ സായ്്കൃഷ്ണ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജന.മാനേജര്‍ കെ.എസ്.അജിമോന്‍ അധ്യക്ഷത വഹിച്ചു.
ടാറ്റ പവര്‍ നോര്‍ത്ത് കേരളാ സെയില്‍സ് മാനേജര്‍ ആര്‍.വിഘ്‌നേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍, മലബാര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.അബ്ദുല്‍കരീം, എം.ഡി കെ.പി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.