സോമയാഗം-സംഘാടകമികവില്‍ താരമായി ആന്ധ്രപ്രദേശ് സ്വദേശിനി ലാവണ്യ അനസൂയ-

 

കൈതപ്രം: സോമയാഗം നടക്കുന്ന കൈതപ്രത്തെ ദേവഭൂമിയില്‍ എവിടെയും സജീവസാന്നിധ്യമായി മാറിയിരിക്കയാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ ലാവണ്യ അനസൂയ.

സോമയാഗത്തിന്റെ ആലോചന തുടങ്ങിയ കഴിഞ്ഞ വര്‍ഷം മുതല്‍ അതിന്റെ എല്ലാ സംഘാടനരംഗത്തും ഇവര്‍ മറ്റാരെക്കാളും മുന്നിലാണ്.

ഊട്ടുപുരയിലായാലും സ്വാഗതസംഘം ഓഫീസിലായാലും മീഡിയാ സെന്ററിലായാലും മുഖ്യാതിഥികളെ സ്വീകരിക്കുന്ന വേളയിലായാലും ലാവണ്യ അനസൂയ ഒഴിച്ചുനിര്‍ത്താനാവാത്ത വിധം യാഗഭൂമിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

2021 ലാണ് വടശേരി ഗ്രാമത്തിന്റെ മരുമകളായി നെല്ലൂരില്‍ നിന്നും ഇവര്‍ കേരളത്തിലെത്തിയത്.

ഭാഗവതാചാര്യനായ പെരികമനയില്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരിയുടെ പത്‌നിയാണ് ലാവണ്യ അനസൂയ.

നെല്ലൂരിലെ വേദപണ്ഡിതനായ അച്യുത് കൃഷ്ണയുടെ മകളാണ് ഈ 31 കാരി.

പബ്ലിക്ക് റിലേഷന്‍സില്‍ എം.എ ബിരുദധാരിയായ ഇവര്‍ ശ്രീചൈതന്യ കോളേജില്‍ അധ്യാപികയായി ജോലിചെയ്യവേയാണ് വിവാഹിതയായി ഇവിടെയെത്തിയത്.

സോമയാഗം സംഘാടകസമിതിയുടെ ജോ.കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഇവര്‍ രണ്ട് വര്‍ഷം കൊണ്ട് മലയാളം മോശമല്ലാത്ത വിധത്തില്‍ സംസാരിക്കാനും പഠിച്ചുകഴിഞ്ഞു.

പബ്ലിക്ക് റിലേഷന്‍സിലെ പഠനം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനും ഏത് പ്രശ്‌നത്തിലും ഇടപെട്ട് പരിഹാരം കാണാനും ഇവരെ പ്രാപ്തയാക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മഠങ്ങളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനമികവ് സോമയാഗസംഘാടക സമിതിക്ക് വലിയ മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനാല്‍ അതിഥികളായി എത്തുന്നവരെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന ലാവണ്യ അനസൂയ ഏവരുടെയും അംഗീകാരത്തിന് പ്രാപ്തയായി തീര്‍ന്നിരിക്കയാണ്.