തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തെപറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് സി.പി.ഗോവിന്ദന്‍ നമ്പ്യാരുടെ പേര്. 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ.പി.രാഘവപൊതുവാളിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ഏക കോണ്‍ഗ്രസ് നേതാവ്. അതിനുശേഷം ഇന്നേവരെ ഒരു കോണ്‍ഗ്രസ് നേതാവ് തളിപ്പറമ്പില്‍ നിന്നും നിയമസഭയില്‍ എത്തിയിട്ടില്ല. കേരളരൂപീകരണത്തിന് മുമ്പ് 1952 ല്‍ സി.പി.ഐ നേതാവ്ടി.സി.നാരായണന്‍ നമ്പ്യാര്‍ കോണ്‍ഗ്രസിലെ വി.വി.ദാമോദരന്‍ നായനാരെ 18,330 വോട്ടിന് തോല്‍പ്പിച്ചാണ് തളിപ്പറമ്പിന്റെ തുടക്കം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ട ശേഷം 1957 ല്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലം ഉണ്ടായിരുന്നില്ല. അന്ന് മാടായി മണ്ഡലമായിരുന്നു. കെ.പി.ആര്‍.ഗോപാലനാണ് അന്ന് വിജയിച്ചത്. 1960 ല്‍ കെ.പി.ആറിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രഹ്‌ളാദന്‍ ഗോപാലന്‍ വിജയിച്ചു. 1962 ലും പ്രഹ്‌ളാദന്‍ വിജയം ആവര്‍ത്തിച്ചു. 1967 ല്‍ നടന്ന മണ്ഡലം പുനര്‍നിര്‍ണയത്തിലാണ് തളിപ്പറമ്പ് നിയമസഭ മണ്ഡലം നിലവില്‍വന്നത്. സി.പി.എം സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി.രാഘവപൊതുവാള്‍ 9275 വോട്ടിന് കോണ്‍ഗ്രസിലെ എന്‍.സി.വര്‍ഗീസിനെ തോല്‍പ്പിച്ചു. എന്നാല്‍ 1970 ല്‍നടന്ന തെരഞ്ഞെടുപ്പില്‍ 909 വോട്ടിന് സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍ രാഘവപൊതുവാളെ തോല്‍പ്പിച്ചു. ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച പാട്ടത്തില്‍ രാഘവന്‍ മാസ്റ്റര്‍ 4716 വോട്ടുനേടിയതാണ് രാഘവപൊതുവാളുടെ തോല്‍വിക്ക് കാരണമായത്. അടിയന്തിരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.വി.രാഘവനും 1980 ലും 82 ലും സി.പി.മൂസാന്‍കുട്ടിയും 87 ല്‍ കെ.കെ.എന്‍.പരിയാരവും വിജയിച്ചു. പരിയാരത്തിന്റെ മരണത്തെ തുടര്‍ന്ന് 1989 നവംബര്‍ 27 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാച്ചേനി കുഞ്ഞിരാമന്‍ വിജയിച്ചു. 91 ലും പാച്ചേനി തന്നെ തളിപ്പറമ്പിന്റെ എം.എല്‍.എയായി. 1996 ലും 2001 ലും എം.വി.ഗോവിന്ദന്‍ വിജയിച്ചു. 2006 ല്‍ സി.കെ.പി.പത്മനാഭനും 2011ലും 2016 ലും ജയിംസ്മാത്യവും തളിപ്പറമ്പിന്റെ എം.എല്‍.എയായി. 2021 ല്‍ വീണ്ടും എം.വി.ഗോവിന്ദന്‍ വിജയിച്ചു.
തളിപ്പറമ്പ് അസംബ്ലി നിയോജകമണ്ഡലത്തിന്റെ ഘടന-
2009 ലാണ് നിയമസഭ മണ്ഡലങ്ങളുടെ പുതുക്കിയ ഘടന നിലവില്‍ വന്നത്. 1967 ന് ശേഷം 42 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മണ്ഡലം പുനര്‍നിര്‍ണയം ഉണ്ടായത്. അതിന് ശേഷം ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളും ചപ്പാരപ്പടവ്, കൊളച്ചേരി, കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മയ്യില്‍, മലപ്പട്ടം, പരിയാരം പഞ്ചായത്തുകളും ചേര്‍ന്നതാണ് തളിപ്പറമ്പ് അസംബ്ലി മണ്ഡലം. തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. ആന്തൂര്‍ നഗരസഭ, കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മയ്യില്‍, പരിയാരം, മലപ്പട്ടം എന്നിവ എല്‍.ഡി.എഫിന്റെ ഭരണത്തിലുമാണ്. വോട്ടിംഗ് ബലത്തില്‍ ഇപ്പോഴും എല്‍.ഡി.എഫിന് വ്യക്തവും ശക്തവുമായ മേല്‍ക്കൈയുണ്ട്.
ആരൊക്കെയാവും മല്‍സരത്തിന്-
നിലവിലുള്ള എം.എല്‍.എ എം.വി.ഗോവിന്ദന്‍ മല്‍സര രംഗത്ത് ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തിന്റെ ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷന്‍ ഭാരവാഹിയുമായ പി.കെ.ശ്യാമള, ജയിംസ്മാത്യുവിന്റെ ഭാര്യ എന്‍.സുകന്യ, എം.വി.രാഘവന്റെ മകന്‍ എം.വി.നികേഷ്‌കുമാര്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ജയരാജന്‍ തുടങ്ങിയ പേരുകളാണ് സി.പി.എമ്മില്‍ പുറത്തുവരുന്നത്. സി.പി.എം രീതിയനുസരിച്ച് ഇവരാരുമല്ലാത്ത മറ്റൊരാളും വന്നേക്കാം.
യു.ഡി.എഫില്‍ നിന്ന് ആര്-?
യു.ഡി.എഫില്‍ നിന്ന് പ്രാഥമികഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് 2021 ല്‍ എം.വി.ഗോവിന്ദനെതിരെ മല്‍സരിച്ച വി.പി.അബ്ദുള്‍ റഷീദിന്റേതാണ്. 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021 ല്‍ എം.വി.ഗോവിന്ദന്‍ വി.പി.അബ്ദുള്‍റഷീദിനെ പരാജയപ്പെടുത്തിയത്. ഇത്തവണ മുമ്പൊന്നുമില്ലാത്ത വിധത്തില്‍ എല്‍.ഡി.എഫിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിന് വലിയ സാധ്യത നിലവിലുണ്ട്. അബ്ദുള്‍റഷീദ് മല്‍സരിക്കുമെന്ന് തന്നെയാണ് നിലവില്‍ എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍. എന്നാല്‍ ഒരു വിഭാഗം കൊയ്യം ജനാര്‍ദ്ദനന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജ്, എതിരാളികള്‍ക്ക് പോലും അംഗീകരിക്കാനാവുന്ന വ്യക്തിത്വം, ഇതിലെല്ലാമുപരിയായി കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയത്തില്‍ എല്ലാ ഉയര്‍ച്ച താഴ്ച്ചകളേയും നേരിട്ട് കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന വ്യക്തി–തുടങ്ങി ഒരു നിയമസഭാഗമാവാന്‍ എല്ലാവിധ യോഗ്യതകളുമുള്ളയാളെന്ന എന്ന നിലയിലാണ് കൊയ്യം ജനാര്‍ദ്ദനന്റെ പേര് വലിയൊരുവിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 1970 ല്‍ തളിപ്പറമ്പില്‍ നിന്ന് വിജയിച്ച സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് ശേഷം തളിപ്പറമ്പ് പിടിക്കാന്‍ ഒരു കൊയ്യം സ്വദേശിയെ തന്നെ രംഗത്തിറക്കണമെന്ന ആഗ്രഹവും കൊയ്യം ജനാര്‍ദ്ദനന്റെ പേര് മുന്നോട്ടുവെക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. 2011 ല്‍ തന്നെ തളിപ്പറമ്പുമായി ബന്ധപ്പെടുത്തി കൊയ്യം ജനാര്‍ദ്ദനന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ചെങ്ങളായി പഞ്ചായത്തംഗം, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. 10 വര്‍ഷം ഡി.സി.സി സെക്രട്ടെറിയായി പ്രവര്‍ത്തിച്ച കൊയ്യം നിലവില്‍ കെ.പി.സി.സി അംഗമാണ്. അയ്യപ്പസേവാസംഘത്തിന്റെ കേന്ദ്ര നേതൃത്വനിരയിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മത-സാമുദായിക പരിഗണനകള്‍ ഒരു സത്യമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊയ്യം ജനാര്‍ദ്ദനന്‍ മല്‍സരിച്ചാല്‍ തളിപ്പറമ്പില്‍ 1970 ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നാണ് ഒരു മുതിര്‍ന്ന നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞത്.