ഡ്രൈവര്‍ നിയമനത്തില്‍ മറനീക്കിയത് മുസ്ലിംലീഗിലെ ഗ്രൂപ്പ്‌പോര്-അജണ്ട മാറ്റിവെപ്പിച്ച് ഭരണകക്ഷി കൗണ്‍സിലര്‍മാര്‍.
തളിപ്പറമ്പ്: ഡ്രൈവര്‍ നിയമനത്തെചൊല്ലി തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്ത് ചേരിതിരിവ്, ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ അവസാനത്തെ അജണ്ടയായി നിശ്ചയിച്ച ഡ്രൈവര്‍ നിയമനത്തെ ചൊല്ലിയായിരുന്നു ഗ്രൂപ്പ് പോര് മറനീക്കിയത്.
നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നത് സംബന്ധിച്ച അജണ്ടയെ ഭരണകക്ഷിയംഗങ്ങള്‍ തന്നെ എതിര്‍ക്കുകയും മാറ്റിവെപ്പിക്കുകയുമായിരുന്നു.
ലീഗ് കൗണ്‍സിലര്‍മാരായ സി.മുഹമ്മദ്‌സിറാജും എം.സജിനയുമാണ് ഈ അജണ്ട പാസാക്കരുതെന്നും മാറ്റിവെക്കണെമന്നും ആവശ്യപ്പെട്ടത്.
അധ്യക്ഷതവഹിച്ച ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ നിയമം നടത്താന്‍ തീരുമാനിച്ചപ്പോള്‍ രണ്ട് ഒഴിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നിയമിക്കുന്നത് ഒരാളെ മാത്രമാണെന്നുമായിരുന്നു കൗണ്‍സിലര്‍മാരുടെ വാദം.
എന്നാല്‍ ഒരു ഒഴിവിലേക്ക് പി.എസ്.സിയില്‍ നിന്നും ഇതിനകം ഡ്രൈവറെ നിയമിച്ചതായി ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
ഈസമയം ഇടപെട്ട പ്രതിപക്ഷ കക്ഷി നേതാവ് ഒ.സുഭാഗ്യം നിങ്ങള്‍ ഭരണകക്ഷിക്കാര്‍ക്കിടയില്‍ തന്നെ ഐക്യം ഇല്ലാത്ത സാഹചര്യത്തില്‍ അജണ്ട മാറ്റിവെക്കുന്നതല്ലെ നല്ലത് എന്ന് അഭിപ്രായപ്പെടുകയും ചെയര്‍പേഴ്‌സന്‍ അജണ്ട അടുത്ത കൗണ്‍സില്‍ യോഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
നഗരസഭയില്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരില്ലെന്ന കൗണ്‍സിലിലെ പരാതിയെ തുടര്‍ന്നാണ് രണ്ടുപേരെ നി.യമിക്കാന്‍ തീരുമാനിച്ചത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ച് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി ഒന്നാം റാങ്കിനര്‍ഹനായ പണിക്കരകത്ത് മുഹമ്മദ്‌റാഫിയെ 179 ദിവസത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ച അജണ്ടയാണ് മാറ്റിവെക്കേണ്ടിവന്നത്.
അള്ളാംകുളം ഗ്രൂപ്പില്‍പെട്ട സജീനയും മുഹമ്മദ് സിറാജും കാണിച്ച എതിര്‍പ്പ് വീണ്ടും തളിപ്പറമ്പ് മുസ്ലിംലീഗില്‍ ഗ്രൂപ്പ് ചേരിതിരിവിന്റെ തുടക്കമാണെന്ന സൂചനയുണ്ട്.
കീഴാറ്റൂര്‍ ഭാഗത്തേക്കുള്ള ഡ്രൈനേജ് നിര്‍മ്മാണത്തിന്റെ പേരില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൗണ്‍സില്‍ യോഗത്തില്‍ കൊമ്പുകോര്‍ത്തുവെങ്കിലും 1995 മുതല്‍ 3 വര്‍ഷം തുടര്‍ച്ചയായി
ഭരിച്ചവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് 2015 ല്‍ നിലവില്‍ വന്ന യു.ഡി.എഫ് ഭരണത്തിന് ഇക്കാര്യത്തില്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വാദിച്ചതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വെറുതെയായി.