തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ 18 മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ (സപ്തംബർ18) മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും.

റവന്യൂ ടവർ നിർമാണത്തിനായി നിലവിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ദിവസേന നിരവധി പേർ മലയോരത്തിൽ അടക്കം ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പകരം സംവിധാനമപ്പെടുത്തിയത്.

തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ മലയോര മേഖലകളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എത്തിയവരും ഏറെ ആശ്രയിക്കുന്ന കേന്ദ്രമാണ്.

തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ ക്യൂ തന്നെ ഇവിടെ ഉണ്ടാകാറുണ്ട്.

തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ റവന്യൂ ടവർ നിർമ്മിക്കാൻ നിശ്ചയിച്ച സ്ഥലത്തുള്ള കെട്ടിടത്തിലാണ് നിലവിൽ ഇത് പ്രവർത്തിക്കുന്നത്.

ഇത് പ്രവർത്തിക്കാതിരുന്നാൽ മലയോരത്ത് നിന്നുള്ള ട്രെയിൻ യാത്രക്കാരേയും, അന്യസംസ്ഥാന യാത്രക്കാരേയും ഏറെ ബുദ്ധിമുട്ടിലാക്കും എന്നതിനാലാണ് താലൂക്ക് ഓഫീസ് കെട്ടിടത്തിലെ ഓരു ഭാഗത്ത് താൽക്കാലിക സൗകര്യമൊരുക്കിയത്.

നാളെ മുതൽ റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.