താലൂക്ക് സര്‍വേയര്‍ ഒരാള്‍മാത്രം-സര്‍വേജോലികള്‍ സമയബന്ധിതമായി തീര്‍ക്കാനാവില്ലെന്ന് ഭൂരേഖ തഹസില്‍ദാര്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കില്‍ സര്‍വേ ജോലികള്‍ക്ക് ഒരു സര്‍വേയര്‍ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് തന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കുക സമയബന്ധിതമായി നടപ്പാക്കാന്‍ സാധ്യമല്ലെന്നും ഭൂരേഖാ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ വികസനസമിതി യോഗത്തെ അറിയിച്ചു.
ഇരിക്കൂര്‍-മാമാനം റോഡ് തീര്‍ത്ഥാടനപാതയാക്കി വികസിപ്പിക്കുന്ന ജോലി ജനുവരി 31 നിടയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഇതിനായി സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും അഡ്വ.സജീവ് ജോസഫ് എം.എള്‍.എയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഭൂരേഖ തഹസില്‍ദാറുടെ പ്രതികരണം.
എന്നാല്‍ തിരക്കിനിടയിലും റോഡ് അളന്ന് അതിര് തിട്ടപ്പെടുത്തി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.
ശ്രീകണ്ഠാപുരം-ചെമ്പേരി റോഡിലെ അതിര്‍ത്തി നിര്‍ണയം പിന്നീട് അളന്ന് നല്‍കാമെന്നും തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
തകര്‍ന്നുകിടക്കുന്ന തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് അറ്റകുറ്റപ്പണികള്‍ക്കായി 5 ലക്ഷം രൂപ അനുവദിച്ചതായി തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു.
ഇത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മറ്റഇ അംഗം ആനപ്പള്ളി ഗോപാലന്‍ വികസനസമിതി മുമ്പാകെ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് നഗരസഭാ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികുടാനായി അപേക്ഷകരെ ക്ഷണിച്ചിട്ടുണ്ടെന്നും നിയമനം നല്‍കുന്നമുറക്ക് ഇതിന് പരിഹാരം കാണുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ പി.സജീവന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.സുരേഷ്‌കുമാര്‍, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി, ആര്‍.ഡി.ഒ സീനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പുതുവര്‍ഷത്തിലെ ആദ്യത്തെ വികസനസമിതി യോഗമായതിനാല്‍ കേക്ക് മുറിച്ച് അംഗങ്ങള്‍ക്ക് മധുരം നല്‍കിയാണ് യോഗം ആരംഭിച്ചത്.
കല്ലിങ്കീല്‍ പത്മനാഭന്‍, റിട്ട.എ.ഡി.എം എ.സി.മാത്യു എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.