തലക്കടിക്കും ബാഗുകള്‍ക്കെതിരെ നടപടി വേണമെന്ന് താലൂക്ക് വികസനസമിതി യോഗം

 

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ നടപ്പാതകളിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സി കര്‍ശനമായ നിര്‍ദ്ദേശം നല്‍കി.

ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ആര്‍.ഡി.ഒ.ഇടപെട്ട് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

കപ്പാലം മുതല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ വരെയുള്ള ഭാഗത്ത് മെയിന്‍ റോഡിലെ നടപ്പാതകളില്‍ കച്ചവടക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വില്‍പ്പന സാധനങ്ങള്‍ തൂക്കിയിടുകയും ചെയ്യുന്നത് സംബന്ധിച്ചാണ് പരാതികള്‍ ഉയര്‍ന്നു വന്നത്.

കാല്‍നടക്കാര്‍ക്ക് സുഗമമായി നടന്നു പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വികസന സമിതിയില്‍ ഏകകണ്ഠമായ ആവശ്യമാണ് ഉയര്‍ന്നു വന്നത്.

ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്കും പോലീസിനും ആര്‍.ഡി.ഒ.നിര്‍ദ്ദേശം നല്‍കി.

ആലക്കോട് ബസ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ എല്ലാ ബസുകളും കയറി യാത്രക്കാരെ ഇറക്കാനും കയറ്റാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആലക്കോട് പോലീസും കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് മേഖലാ കേന്ദ്രവും വികസന സമിതി യോഗത്തെ അറിയിച്ചു.

ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകന്‍ തോമസ് മാണി കളപ്പുരക്കല്‍ നല്‍കിയ പരാതി വികസന സമിതി  തീര്‍പ്പാക്കി.

കാറ്റും വെളിച്ചവും തടയുന്ന രീതിയില്‍ മതില്‍ കെട്ടിയതിന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് നടപടികള്‍ക്കായി കൈമാറിയതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.

പട്ടുവം റോഡ് ആറുവരിപാതക്ക് വേണ്ടി മുറിച്ചുനീക്കുമ്പോള്‍ കുടിവെള്ള വിതരണം നിലക്കുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ ദേശീയപാത കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടാകാത്തതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.

മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി, ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍, തഹസില്‍ദാര്‍ പി.സജീവന്‍, ഭൂരേഖാ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, ജൂനിയര്‍ സൂപ്രണ്ട് സുരേഷ്, മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. |