സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങള്‍ കാടുമൂടി കിടക്കുന്നതിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം ആര്‍.ഡി.ഒ.

നിര്‍ദ്ദേശം താലൂക്ക് വികസനസമിതി യോഗത്തില്‍

തളിപ്പറമ്പ്: സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങള്‍ കാടുമൂടികിടക്കുന്നത് പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്നത് തടയാന്‍ ഗ്രാമപഞ്ചായത്തുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു.

നിടിയേങ്ങ വില്ലേജ് പരിധിയിലെ ഐച്ചേരിയില്‍ ഇത്തരത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കാടുകയറികിടക്കുന്നതിനാല്‍ പന്നിശല്യം രൂക്ഷമാണെന്ന ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്ററുടെ പരാതിയില്‍ റവന്യൂ ഡിവിണല്‍ ഓഫീസര്‍ ടി.വി,രഞ്ജിത്താണ് വികസനസമിതി മുമ്പാകെ ഇക്കാര്യം അറിയിച്ചത്.

തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്റെ പരാതിയില്‍ നടപടികള്‍ സ്വീകരിച്ചതായി നഗരസഭാ അധികൃതര്‍ യോഗത്തെ അറിയിച്ചു.

ശ്രീകണ്ഠാപുരം-ചെമ്പന്തൊട്ടി റൂട്ടില്‍ ബസുകള്‍ അവസാന ട്രിപ്പ് ചെമ്പന്തൊട്ടിക്ക് പോകാകെ മുങ്ങുന്ന പ്രശ്്‌നം ആര്‍ടിഒ അധികൃതര്‍ ഇടപെട്ട് പരിഹരിച്ചു.

ആം ആദ്മി പാര്‍ട്ടി നേതാവ് തോമസ് കുര്യനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ശ്രീകണ്ഠാപുരത്ത ടേക്ക് എ ബ്രേക്ക് പൂട്ടി കിടക്കുന്നത് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇത് നഗരസഭക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതായി നഗരസഭാ അധികൃതര്‍ യോഗത്തെ അറിയിച്ചു.

പുളിമ്പറമ്പ് ബസ്റ്റോപ്പിന് സമീപം ഡ്രൈനേജിന് സ്‌ളാബ് ഇടാത്ത പ്രശ്‌നം പരിഹരിച്ചതായി നഗരസഭാ അധികൃതര്‍ അറിയിച്ചു.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ വി.വി.കുഞ്ഞിരാമനാണ് ഇത് സംബന്ധിച്ച് പരാതി സമര്‍പ്പിച്ചത്.

മണിക്കല്‍ പാലത്തില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഈ വര്‍ഷം നടപടികള്‍ കൈക്കൊള്ളുമെന്ന് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

പൊതുമരാമത്ത് റോഡുകളിലെ ഹമ്പുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ബന്ധപ്പെട്ടവര്‍ സമിതി മുമ്പാകെം അറിയിച്ചു.

ബന്ധുക്കളില്ലാത്ത കിടപ്പുരോഗികളെ പരിചരിക്കാനായി സംവിധാനം ഏര്‍പ്പെടുത്താന്‍ സാമൂഹ്യനീതിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

നഗരസഭാ വൈസ് ചെയര്‍മാര്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍ഡി.ഒ ടി.വി.രഞ്ജിത്ത്, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍, തഹസില്‍ദാര്‍ പി.സജീവന്‍, ചെപ്യൂട്ടി തഹസില്‍ദാര്‍ സി.വിജയന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.സുരേഷ്‌കുമാര്‍, മയ്യില്‍ എസ്.ഐ എം.പ്രശോഭ് എന്നിവര്‍ പങ്കെടുത്തു.

തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ നിന്നും രാവിലെ മലയോര മേഖലകളിലേക്ക് പുറപ്പെടുന്ന ബസുകളില്‍ പച്ചക്കറികളും മറ്റ് സാധനങ്ങളും കയറ്റുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നവും

ദേശീയപാതയില്‍ ഇന്ത്യന്‍ കോഫിഹൗസിന് സമീപം റോഡ് ഇടിഞ്ഞുതാഴുന്ന വിഷയവും താലൂക്ക് വികസനസമിതിയുടെ പരിഗണനക്ക് വന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.