പട്ടയമിഷന്‍ പ്രവര്‍ത്തനം ചരിത്ര വിജയം: റവന്യു മന്ത്രി കെ രാജന്‍-തളിപ്പറമ്പ് റവന്യൂ ടവറിന് തറക്കല്ലിട്ടു.

തളിപ്പറമ്പ്: കേരളത്തിലെ ഭൂരഹിതരില്‍ പരമാവധി പേരെ ഭൂമിക്ക് ഉടമകളാക്കുന്നതിന് പട്ടയമിഷന്‍ രൂപീകരിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചരിത്ര വിജയത്തിലേക്ക് നീങ്ങൂകയാണെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.

തളിപ്പറമ്പില്‍ റവന്യു ടവറിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായാണ് റവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥരാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പട്ടയ മിഷന്‍ ഈ ലക്ഷ്യത്തില്‍ പ്രധാനപ്പെട്ടതാണ്. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റവന്യൂ, പുറമ്പോക്ക് ഭൂമി മാത്രമല്ല
എല്ലാ വകുപ്പുകളുടെയും ഭൂമി അതത് വകുപ്പുകളുമായി കൂടിയാലോചിച്ച് ആവശ്യമായ ചട്ട-നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ കൊണ്ടുവന്ന് ഭൂരഹിതര്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 1,77,000 പട്ടയമാണ് വിതരണം ചെയ്തത്. ഈ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഒന്നര ലക്ഷം പട്ടയം നല്‍കാന്‍ കഴിഞ്ഞു. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നല്‍കിയതിലും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്ന നേട്ടത്തിലേക്ക് എത്തും.

പട്ടയ മിഷനിലൂടെ ഭൂരഹിതരായവരെ ഭൂമിക്ക് ഉടമകളാക്കുകയെന്ന കാര്യത്തില്‍ സര്‍ക്കാരിനും റവന്യു വകുപ്പിനും പൊതുവിജയത്തിലേക്ക് എത്താനാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്-മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അനില്‍ പുതിയ വീട്ടില്‍, കെ.സന്തോഷ്, പി.കെ.മുജീബ് റഹ്‌മാന്‍, ടി. ജനാര്‍ദനന്‍, ഒ.പി.ഇബ്രാഹിംകുട്ടി, ടി.എസ്.ജയിംസ്, രമേശന്‍ ചെങ്ങൂനി, മാത്യു ചാണക്കാടന്‍, പി.പി.വിനോദ് കുമാര്‍, കെ ജെ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.