കവര്‍ച്ച; രാജ പിടിയില്‍.

പയ്യന്നൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.

തമിഴ്‌നാട് മേട്ടുപ്പാളയം കരുമാക്കല്‍ സ്വദേശി ചിന്നത്തമ്പിയുടെ മകന്‍ രാജ (59) യാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.

മേട്ടുപ്പാളയത്ത് വെച്ചാണ് പയ്യന്നൂര്‍ എസ്.ഐ എം.വി.ഷീജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് പിറകില്‍ ചേരിക്കല്‍ മുക്കില്‍ താമസിക്കുന്ന പൂര്‍ണ്ണിമ സുനില്‍കുമാറിന്റെ വീടാണ് കഴിഞ്ഞ 29 ന് പുലര്‍ച്ചെ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്.

വീട്ടുകാര്‍ തലശേരിയിലുള്ള ബന്ധു വീട്ടില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റ മണിച്ചിത്രത്താഴ് പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. 

അകത്തെ മുറികളിലെ മൂന്ന് ഷെല്‍ഫുകളും തകര്‍ത്ത നിലയിലായിരുന്നു.

കിടപ്പ് മുറിയിലെ ഷെല്‍ഫ് തകര്‍ത്ത് 16 പവന്‍ തൂക്കം വരുന്ന മാലയും മോതിരവും 25000 രൂപയുമാണ് കവര്‍ന്നത്. തൊട്ടടുത്ത സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ആരാധന മഹോത്സവം നടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി സ്റ്റേഷനുകളില്‍ കവര്‍ച്ച കേസുകളില്‍ പ്രതിയാണ് രാജ.