കള്ളന്‍മാര്‍ എല്ലാം അറിയുന്നു-പോലീസാവട്ടെ ഒന്നുമറിയാതെ ഉറങ്ങുന്നു-പിന്നില്‍ എല്ലാമറിയുന്ന തദ്ദേശീയരായ മോഷ്ടാക്കളെന്ന് സൂചന.
പരിയാരം: ചിതപ്പിലെപൊയില്‍ കവര്‍ച്ചക്ക് പിന്നില്‍ തദ്ദേശീയരായ മോഷണസംഘമെന്ന് സൂചന.
സപ്തംബര്‍ 29 ന് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ നടന്ന അതേ രീതിയിലുള്ള കവര്‍ച്ച തന്നെയാണ് ഡോ.ഷക്കീര്‍അലിയുടെ വീട്ടിലും നടന്നത് എന്നതിനാല്‍ ഒരേസ സംഘം തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
29 ന് നബിദിനത്തില്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഇവിടെ 25 പവനും 18,000 രൂപയുമാണ് മോഷണം പോയത്.
ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍ നിന്ന് 9 പവനും 15,000 രൂപയുമാണ് കവര്‍ച്ച നടത്തിയത്.
മോഷണസംഘം പ്രദേശത്തുള്ളവരുടെ വരവും പോക്കും കൃത്യമായി അറിയുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് ഡോ.ഷക്കീര്‍അലിയും ഭാര്യയും കാറില്‍ എറണാകുളത്തേക്ക് പോയത്. ഇത് അറിയാവുന്ന സംഘം പെട്ടെന്ന് കവര്‍ച്ച പ്ലാന്‍ ചെയ്ത് എത്തുകയായിരുന്നു.
പ്രധാനറോഡില്‍ നിന്നും ദൂരെമാറിയുള്ള വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ആരും അറിയില്ലെന്നത് മോഷ്ടാക്കള്‍ക്ക് ഗുണകരമായി.
വീട്ടിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ ഡി.വി.ആര്‍ ഉള്‍പ്പെടെ ഇവര്‍ കൊണ്ടുപോയിട്ടുണ്ട്.
29 ന് നടന്ന മോഷണത്തിന്റെ അന്വേഷണത്തില്‍ പരിയാരം പോലീസ് നിന്ന സ്ഥലത്ത് തന്നെ നില്‍ക്കുകയാണെന്ന് മനസിലായതോടെയാണ് മോഷ്ടാക്കള്‍ അതേ സ്ഥലത്തുതന്നെ പുതിയ മോഷണം നടത്തി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത്.
പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7-ന് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.
കഴിഞ്ഞ 3 വര്‍ഷത്തിനിടിയില്‍ പരിയാരം പോലീസ് പരിധിയില്‍ നടക്കുന്ന 24-ാമത്തെ മോഷണമാണിത്. ഒരൊറ്റ കേസില്‍ പോലും പ്രതികളെ പിടികൂടിയിട്ടില്ല.