ലോക പ്രശസ്ത മാന്‍ഡലിന്‍ വിദഗ്ധന്‍ യു. രാജേഷ് പെരുഞ്ചെല്ലൂരില്‍
തളിപ്പറമ്പ് : പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി ഒമ്പതാം കച്ചേരിയില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിലും ഫ്യൂഷന്‍ സംഗീതത്തിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ലോക പ്രശസ്ത മാന്‍ഡലിന്‍ കലാകാരന്‍ യു.രാജേഷ് സ്വരങ്ങളെ ഓമനിച്ചും രാഗ ഭാവങ്ങളെ തഴുകി തലോടിയും മാന്‍ഡലിന്‍ തന്ത്രികളില്‍ നിന്ന് ദേവസംഗീതം ഒഴുക്കി.
പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ എത്തി ചേര്‍ന്ന ആസ്വാദകര്‍ക്ക് ഇത് മറക്കാനാവാത്ത അനുഭവമായി. വിരലുകളും തന്ത്രികളും തമ്മിലുള്ള ലയഭാവം മാന്‍ഡലിനിലൂടെ ആസ്വാധക മനസിലേക്ക് പരന്നൊഴികിയപ്പോള്‍ അവര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
മനമറിഞ്ഞും അറിയാതെയും ഉണ്ടായ മനോധര്‍മപരമായ ആവിഷ്‌കാരങ്ങള്‍ സദസിനെ മൂന്ന് മണിക്കൂര്‍ പിടിച്ചിരുത്തി.
മഹാഗണപതിം മനസാസ്മരാമി, ക്ഷീര സാഗര ശയന, പാവന ഗുരു, വന്ദനമു രഘു നന്ദന, രഘുവംശ സുധ, ഹിമഗിരി തനയെ, കൃപയാ പാലയ ശൗരേ, ഭോ ശംഭോ ശിവ ശംഭോ, കൃഷ്ണാ നീ ബേഗനെ, ധനശ്രീ രാഗത്തിലെ തില്ലാന എന്നീ കീര്‍ത്തനങ്ങള്‍ മഹാവാദ്യമായ തബലയില്‍ മഹേഷ് മണിയും മൃദംഗത്തില്‍ ശ്രീഹരിയും ഒപ്പം ചേര്‍ന്നപ്പോള്‍ പ്രതിഭകളുടെ സംഗമം കൂടിയാണ് ദര്‍ശിച്ചത്.
തനിയാവര്‍ത്തന സമയത്തു ഇരുവരും കൊട്ടിക്കയറി വിസ്മയ പെരുമഴ പെയ്‌തൊഴുകിയ നിമിഷങ്ങളായിരുന്നു. അതുല്യമായ ഒരു കച്ചേരി അനുഭവം സൃഷ്ടിക്കാന്‍ യു.രാജേഷിനൊപ്പം ഇവര്‍ക്ക് സാധിച്ചു. വിജയ് നീലകണ്ഠന്‍ സംസാരിച്ചു.
കലാകാരാന്‍മാരെ കമ്പനി സ്വാമിയുടെ ചെറുമകന്‍ വെങ്കിടാചലപതി ആദരിച്ചു.