ഡെയര്‍ ഡെവിള്‍ ഭാസ്‌ക്കരനും ജാനുവും-വളര്‍ത്തുമൃഗങ്ങള്‍-@43.
എം.ടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നാണ് വളര്‍ത്തുമൃഗങ്ങള്‍. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള ഈ കഥ 1981 ല്‍ ഹരിഹരന്‍ ചലച്ചിത്രമാക്കി. എം.ടി.തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
1981 മാര്‍ച്ച്-29 നാണ് 43 വര്‍ഷം മുമ്പ് ഇതേ ദിവസം വളര്‍ത്തുമൃഗങ്ങള്‍ റിലീസ് ചെയ്തത്.
പ്രിയദര്‍ശിനി ഫിലിംസിന്റെ ബാനറില്‍ കെ.സി.ജോയി നിര്‍മ്മിച്ച ആറാമത്തെ സിനിമയാണിത്.
1973 ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത യാമിനിയാണ് ആദ്യ സിനിമ. 75 ല്‍ എ.ബി.രാജ് സംവിധാനം ചെയ്ത സൂര്യവംശം, 77 ല്‍ ഹരിഹരന്റെ ഇവനെന്റെ പ്രിയപുത്രന്‍, 78 ല്‍ സ്‌നേഹത്തിന്റെ മുഖങ്ങള്‍ (ഹരിഹരന്‍), 79 ല്‍ എം.ടിയുടെ രചനയില്‍ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച(ഹരിഹരന്‍), 82 ല്‍ എം.ടി.രചനയും സംവിധാനവും നിര്‍വ്വഹിച്ച വാരിക്കുഴി എന്നീ സിനിമകളാണ് ജോയി നിര്‍മ്മിച്ചത്.
സുകുമാരന്റെ ജീപ്പ് ജമ്പര്‍ ഡേര്‍ ഡെവിള്‍ ഭാസ്‌ക്കരന്‍, രതീഷിന്റെ ചന്ദ്രന്‍, മാധവിയുടെ ജാനു, ബാലന്‍.കെ.നായരുടെ കുമാരന്‍ ഗുരുക്കള്‍, ഒടുവിലിന്റെ ഗോവിന്ദന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ സിനിമ ഒരിക്കല്‍ കണ്ടവരുടെ മനസില്‍ മായാതെ നില്‍ക്കും. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകമനസില്‍ നീറുന്ന നൊമ്പരമായി തന്നെ നിലനില്‍ക്കും.
എയ്ഞ്ചല്‍ ഫിലിംസാണ് വിതരണം നടത്തിയത്. ക്യാമറ-മെല്ലി ഇറാനി, എഡിറ്റര്‍ വെങ്കിട്ടരാമന്‍, കല-എസ്.കൊന്നനാട്ട്, പരസ്യം-രാധാകൃഷ്ണന്‍, എം.ടി.ഗാനരചന നിര്‍വ്വഹിച്ച ഏക സിനിമയാണ് വളര്‍ത്തുമൃഗങ്ങള്‍. സംഗീതം-എം.ബി.ശ്രീനിവാസന്‍.
കാക്കാലന്‍ കളിയച്ഛന്‍, കര്‍മ്മത്തിന്‍ പാതകള്‍ വീഥികള്‍, ഒരു മുറിക്കണ്ണാടീലൊന്നു നോക്കി, ശുഭരാത്രി എന്നീ നാലുഗാനങ്ങളും സൂപ്പര്‍ഹിറ്റുകളാണ്.