തകര്‍ന്ന മനസുമായി വിഷ്ണു ചാടിക്കയറി റിക്കാര്‍ഡ് തകര്‍ത്തു.

തളിപ്പറമ്പ്: മല്‍സരത്തിന് മുമ്പേ പ്രാക്ടീസ് ചെയ്തത് മല്‍സരമായി കണക്കാക്കി ഒഫീഷ്യല്‍ ഫൗള്‍ വിളിച്ചത് മാനസികമായി തകര്‍ത്തുവെങ്കിലും വിഷ്ണു ലോംഗ്ജമ്പില്‍ നിലവിലുണ്ടായിരുന്ന മീറ്റ് റിക്കാര്‍ഡ് തകര്‍ത്തു.

ഇന്നലെ രാവിലെ മാങ്ങാട്ടുപറമ്പില്‍ നടന്ന ജൂനിയര്‍ ബോയ്‌സ് ലോംങ്ങ് ജമ്പ് മല്‍സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മല്‍സരത്തിന് മുമ്പായി പരിശീനത്തിന് സ്‌റ്റെപ്പെടുത്തപ്പോള്‍ ഓടിയത് മല്‍സരമായി കണക്കാക്കി ഒഫീഷ്യല്‍ ഫൗള്‍ വിളിക്കുകയായിരുന്നു.

ഈ സമയം ഉണ്ടായിരുന്ന ഒഫീഷ്യലായ അധ്യാപകനോട് അനുവാദം ചോദിച്ചാണ് ഓടിയതെങ്കിലും ലോംങ്ങ്ജമ്പിന്റെ മാര്‍ക്കിങ്ങ് ചുമതലയുള്ള അധ്യാപകന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.

നിരാശനായി ഗ്രൗണ്ടില്‍ തളര്‍ന്നിരുന്ന വിഷ്ണു പക്ഷെ, വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

മനസില്‍ പിരിമുറുക്കമുണ്ടായിരുന്നിട്ടും വീണ്ടും ചാടിയത് 2009 ല്‍ കോഴിച്ചാല്‍ ഗവ.എച്ച്.എസ്.എസിലെ ജിത്തു ബാബുവിന്റെ റിക്കാര്‍ഡ് തകര്‍ത്ത 6.28 മീറ്ററിലേക്കായിരുന്നു.

6.4 മീറ്ററാണ് 2009 ലെ ലോംഗ്ജമ്പ് മീറ്റ്‌റിക്കാര്‍ഡ്. മട്ടന്നൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണു കൂത്തുപറമ്പ് മുര്യാട്ടെ പ്രതീശന്‍-സനിത ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ മൂത്തയാളാണ്.