ഒരു പരിശീലനവുമില്ലാതെ ആദിത്ത് ചാടി റിക്കാര്‍ഡ് നിലനിര്‍ത്തി.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: ഫുട്‌ബോള്‍ കമ്പം മാത്രം കൈമുതലായുള്ള ആദിത്ത് ഹൈജമ്പില്‍ റിക്കാര്‍ഡ് തകര്‍ക്കുന്നതിനടുത്തെത്തിയെങ്കിലും ഒഫീഷ്യല്‍സിന്റെ ശ്രദ്ധക്കുറവ് വിനയായി.
സീനിയര്‍ ബോയ്‌സിന്റെ ഹൈജമ്പില്‍ യാതൊരുവിധ പരിശീലനവും നേടാതെ, വെറും നഗ്‌നപാദനായിട്ടാണ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ.എച്ച്.എസ്.എസിലെ ആദിത്ത് പാച്ചേനി ഒന്നാം സ്ഥാനം നേടിയത്.
കണ്ണൂര്‍ ജില്ലാ കായികമേളയുടെ നിലവിലുള്ള ഹൈജമ്പ് റിക്കാര്‍ഡ് 1.80 മീറ്ററാണ്. ആദിത്ത് അത് നിലനിര്‍ത്തിയെങ്കിലും രണ്ടാം റൗണ്ടില്‍ 1.81 മീറ്റര്‍ ക്രമീകരിച്ച് വെക്കുന്നതിന് പകരം ബന്ധപ്പെട്ട ഒഫീഷ്യല്‍ വെച്ചത് 1.82 മീറ്ററായിരുന്നു.
ഇതോടെ ആദിത്തിനും രണ്ടാം സ്ഥാനം നേടിയ യദുകൃഷ്ണക്കും റിക്കാര്‍ഡ് തകര്‍ക്കാനായില്ല.
ഒഫീഷ്യലിന് സംഭവിച്ച കൈപ്പിഴക്ക് റിക്കാര്‍ഡ് തകര്‍ക്കാനുള്ള അവസരമാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടത്.
1.81 ല്‍ ക്രമീകരിച്ചിരുന്നുവെങ്കില്‍ ജില്ലാ കായികമേളയുടെ 1.80 മീറ്റര്‍ എന്ന റിക്കാര്‍ഡ് അദിത്ത് തകര്‍ക്കുമായിരുന്നുവെന്ന് തീര്‍ച്ച.
ബക്കളം കാനൂലിലെ പാച്ചേനി വിനോദ്കുമാര്‍സരിത ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തവനാണ് ആദിത്ത്.
മകന് ഹൈജമ്പില്‍ ഇത്തരത്തില്‍ മികവുണ്ടായിരുന്നുവെന്ന് അറിയുമായിരുന്നില്ലെന്നും ഫുട്‌ബോള്‍ കളിയില്‍ മാത്രം
ഏര്‍പ്പെട്ടിരുന്ന ആദിത്ത് ഒരു പരിശീലനവും നേടാതെ, ട്രാക്ക് ഷൂ പോലും ധരിക്കാതെ ചാടി നേടിയ വിജയം മാതാപിതാക്കളേയും നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചിരിക്കയാണ്.
മല്‍സരം കഴിഞ്ഞ ശേഷമാണ് ആദിത്ത് തനിക്ക് ഹൈജമ്പില്‍ ഒന്നാം സ്ഥാനം ലഭിച്ചത് അമ്മയെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെ കൂടുതല്‍ മികവ് നേടിയെടുക്കാന്‍ ശാസ്ത്രീയ പരിശീലനത്തിന് ഒരുങ്ങുകയാണ് ആദിത്ത്.