മര്‍ഡര്‍റൂം വിഷ്ണുവിജയമായി വിജയം കൊയ്തു-

ജെയിംസ് ഹാര്‍ഡ്‌ലി ചേസ് എന്ന കുറ്റാന്വേഷണ നോവലിസ്റ്റിനെ മലയാളികള്‍ക്ക് പരിചിതമാണ്.

അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഒരു നോവലാണ് An Ace Up My Sleeve (ഈ നോവല്‍ മര്‍ഡര്‍ റൂം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്).

ഈ നോവലിനെ അധികരിച്ച് വി.ടി.നന്ദകുമാര്‍ തിരക്കഥയും സംഭാഷണവും രചിച്ച് എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത സിനിമയാണ് വിഷ്ണുവിജയം.

1974 ഒക്ടോബര്‍ 9 നാണ് വിഷ്ണുവിജയം 49 വര്‍ഷം മുമ്പ് ഇതേ ദിവസം റിലീസായത്.

കമലഹാസന്‍ ഒരേസമയം നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്നു. സമരിയാസിന്റെ ബാനറില്‍ എ.ജി.അബ്രഹാം നിര്‍മ്മിച്ച വിഷ്ണുവിജയം വന്‍ സാമ്പത്തിക വിജയം നേടിയിരുന്നു.

വളരെ വ്യത്യസ്തമായ ഒരു ക്രൈംത്രില്ലര്‍ എന്ന നിലയില്‍ അന്ന് സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

തിക്കുറിശി, ഷീല, പറവൂര്‍ഭരതന്‍, ആലുംമൂടന്‍, അംബരീഷ്, എം.ഒ.ദേവസ്യ, ഗിരിജ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ച അംബരീഷിന്റെ ആദ്യത്തെ മലയാളം സിനിമയും വിഷ്ണുവിജയമാണ്.

ഗാനം എന്ന ചിത്രത്തില്‍ നായകനായ അംബരീഷ് പ്രശസ്തനായ കന്നഡ നടനും നടി സുമലതയുടെ ഭര്‍ത്താവുമായിരുന്നു.

ജെ.വില്യംസ് ആദ്യമായി സ്വതന്ത്ര ക്യാമറാമാനായി പ്രവര്‍ത്തിച്ച സിനിമയാണ് വിഷ്ണുവിജയം.

എഡിറ്റര്‍ കെ.ബി.സിങ്ങ്, കലാസംവിധാനം പരസ്യം രാധാകൃഷ്ണന്‍.

1974 ല്‍ വിഷ്ണുവിജയം റിലീസായതിന് ശേഷമാണ് 1976 ല്‍ മര്‍ഡര്‍റൂം ക്രൈം ആന്റ് പാഷന്‍(Crime and Passion) എന്ന പേരില്‍ ഇംഗ്ലീഷില്‍ ചലച്ചിത്രമായത്.

വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടിലാണ്.

ഗാനങ്ങള്‍-

1-എന്നം നിന്‍ കണ്ണുകള്‍ തടവിലാക്കി-മാധുരി.

2-ഗരുഡപഞ്ചമീ-മാധുരി.

3-പുഷ്പദലങ്ങളാല്‍ നഗ്നതമറക്കും-യേശുദാസ്.