തളിപ്പറമ്പ്: നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
എം.എല്‍.എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകളുടെ പണി പൂര്‍ത്തിയാക്കിയത്.
ആന്തൂര്‍ നഗരസഭയെയും, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിനെയും മയ്യില്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.
നിരവധിയാളുകളാണ് വിളക്കുകള്‍ തെളിയുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയത്.
മലയോര മേഖലകളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
പി.ഡബ്ല്യൂ.ഡി ഇലക്ട്രിക് വിഭാഗമാണ് ജര്‍മന്‍ സാങ്കേതികവിദ്യയോടെ ഇവ സ്ഥാപിച്ചത്.
ഗാല്‍വനൈസ് ചെയ്ത തുരുമ്പെടുക്കാത്ത 50 വിളക്ക് കാലുകളാണ് സ്ഥാപിച്ചത്.
ദീര്‍ഘകാലം നിലനില്‍ക്കുന്ന സോളാര്‍ പാനലുകളും കേബിളും സ്ഥാപിച്ച് 700 മീറ്ററിലായി ഒരുക്കിയ വിളക്കുകള്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ മാതൃക കൂടിയാണ്.
തുടര്‍പരിപാലനത്തിന് കുറഞ്ഞ ചെലവ് മാത്രമേ ഇവയ്ക്ക് വരുന്നുള്ളൂ.
ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പറശ്ശിനിക്കടവ് റിവര്‍ ക്രൂയിസ്, മയ്യില്‍ ടൂറിസം പദ്ധതികളുടെ വികസനത്തിനും കൂടുതല്‍ ടൂറിസ്റ്റുകളെ
ഇവിടേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത, വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രന്‍, ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.മുഹമ്മദ് കുഞ്ഞി, കൗണ്‍സിലര്‍ എം.ശ്രീഷ, മയ്യില്‍ പഞ്ചായത്ത് അംഗം എം.അസൈനാര്‍, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. വിഷ്ണുദാസ്, എന്‍.അനില്‍കുമാര്‍, വത്സന്‍ കടമ്പേരി, സമദ് കടമ്പേരി എന്നിവര്‍ പങ്കെടുത്തു.