ഗുളിക വാങ്ങാന്‍ വന്നവന് പിഴശിക്ഷ-റോഡില്‍ അനധികൃത കച്ചവടം നടത്തുന്നവന് മുല്ലമാല-
തളിപ്പറമ്പ്: നിയമം നടപ്പിലാക്കേണ്ടത് ആവശ്യം തന്നെയാണ്, പക്ഷെ എപ്പോള്‍ എവിടെ എന്നത് പ്രധാനമാണ്.
തളിപ്പറമ്പ് നഗരത്തില്‍ മെയിന്‍ റോഡില്‍ ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷന്‍ മുതല്‍ റോട്ടറി ജംഗ്ഷന്‍ വരെയുള്ള പ്രദേശത്ത് നിയമവും നീതിയും നടപ്പിലാവണമെന്ന് തളിപ്പറമ്പിലെ ട്രാഫിക് പോലീസിന് വലിയ നിര്‍ബന്ധമാണ്.
ആരെങ്കിലും ഈ ഭാഗത്തെ ഏതെങ്കിലും മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ ഒരു ഗുളിക വാങ്ങാന്‍ ടൂവീലറില്‍ വന്നാല്‍ ഉടനെ ചാടിവീണ് അനധികൃത പാര്‍ക്കിങ്ങ് എന്ന പേരില്‍ പിഴ ചുമത്തുകയാണ്.
ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഹൈവേയിലും മറ്റും പോലീസ് ഉദാരസമീപനം തന്നെ തുടരുന്നു.
എന്നാല്‍ ന്യൂസ് കോര്‍ണര്‍മുതല്‍ സി.മമ്മുഹാജി ആന്റ് കമ്പനി വരെയുള്ള ഭാഗത്തേക്കത് ട്രാഫിക് പോലീസിന്റെ വാഹനം പോവില്ല.
ഒരു പ്രത്യേക തരം ഉപകരണം ഉപയോഗിച്ച് വാഹനം ഈ ഭാഗത്തേക്ക് പോകുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്.
ഈ ഭാഗത്ത് റോഡരികില്‍ അനധികൃത കച്ചവടക്കാര്‍ ഓരോ ദിവസവും റോഡിലേക്ക് ഒരടി മുന്നില്‍ എന്നതോതില്‍ സജീവമായിക്കൊണ്ടിരിക്കയാണ്.
കുടയും മേല്‍പ്പുരയും എല്ലാം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പോലീസ് ഇതൊന്നും കാണുന്നേയില്ല.
ഒരാഴ്ച്ച കൊണ്ട് മെയിന്‍ റോഡിലെ അനധികൃതമായ എല്ലാ കയ്യേറ്റവും ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്ന തളിപ്പറമ്പ് ആര്‍.ഡി.ഒ നാട്ടിലുണ്ടോ എന്നുപോലും അറിയില്ല.
ഈ ഇരട്ടനീതിക്കെതിരെ ഇന്നലെ തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് താലൂക്ക് വികസനസമിതി യോഗത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു.
മൂന്ന് മാസം മുമ്പ് മെയിന്‍ റോഡ് പൂര്‍ണമായും വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് വികസന സമിതി യോഗത്തില്‍ ഉറപ്പുനല്‍കിയത് ഇതേവരെയും പാലിക്കാന്‍ പോലീസിന് സാധിച്ചിട്ടുമില്ല.
എന്നാല്‍ ഇടപെടേണ്ട പോലീസിനെ മായകയറുകള്‍ കൊണ്ട് കെട്ടിയിട്ടതാരാണെന്ന് മാത്രം വ്യക്തമാവുന്നില്ല.