പച്ചപ്പിന്റെ തോഴന് മൂത്തേടത്ത് സ്‌ക്കൂളിന്റെ ആദരവ്.

തളിപ്പറമ്പ്: വിദ്യാലയ മുറ്റത്ത് നട്ടുനനച്ച സ്‌നേഹത്തിന് ഫലപ്രാപ്തി. മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലെ തനതിടത്തില്‍ നട്ട ഫലവൃക്ഷത്തൈകള്‍ അഞ്ചാം വര്‍ഷത്തില്‍ സമൃദ്ധമായി കായ്ച്ചു.

വിവിധയിനം മാങ്ങകള്‍ക്ക് പുറമെ സപ്പോട്ട, മുള്ളാത്ത, ഞാവല്‍, ബരാബ, സ്റ്റാര്‍ ഫ്രൂട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പഴവര്‍ഗ്ഗങ്ങളാണ് സ്‌കൂള്‍ അങ്കണത്തില്‍ വിളഞ്ഞുനില്‍ക്കുന്നത്.

2022-ല്‍ കരിമ്പം ഫാമില്‍ നിന്നും എത്തിച്ച തൈകള്‍ ഫാം ജീവനക്കാരനായ വി.വി.രൂപേഷ് ആണ് സ്‌കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ചത്.

കരിമ്പം ഫാമിലെ ജോലി കഴിഞ്ഞും ഒഴിവു ദിവസങ്ങളിലുമാണ് തൈകള്‍ നട്ടുപിടിപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയത്.

പച്ചപ്പിന്റെ തോഴനായ രൂപേഷിന് ഇതൊക്കെ ഒരു സേവനമാണ്.

ഏറ്റവും നല്ല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള ജില്ലാതല പുരസ്‌കാരം നേടിയ പി.വി.രസ്നമോള്‍ ടീച്ചറുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് ചുമതലയേറ്റ പ്രോഗ്രാം ഓഫീസര്‍ എ.കെ.ഉഷ ടീച്ചറുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ അവധി ദിവസങ്ങളില്‍ പോലും കൃത്യമായ പരിചരണം നല്‍കിയതാണ് ഈ വലിയ വിജയത്തിന് പിന്നില്‍.

വിദ്യാര്‍ത്ഥികളില്‍ പ്രകൃതിസ്‌നേഹവും പരിസ്ഥിതി അവബോധവും വളര്‍ത്താന്‍ സഹായിച്ച ഈ പദ്ധതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രൂപേഷ്, കര്‍ഷകനായ നാസര്‍ എന്നിവരെ വിദ്യാലയത്തില്‍ ആദരിച്ചു.

അധ്യാപികമാരായ സ്മിന, സജില എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

സ്‌കൂള്‍ മാനേജ്മെന്റ്, പി.ടി.എ, പ്രിന്‍സിപ്പല്‍ ഡോ.എ.ദേവിക, മറ്റ് അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഈ ഹരിത വിപ്ലവത്തിന് കരുത്തേകുന്നു.

പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടുത്തെ എന്‍.എസ്.എസ് യൂണിറ്റ്.