വയനാട്ടിലേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരെ തടയുന്നത് അവസാനിപ്പിക്കണം-രാഹുല്‍ വെച്ചിയോട്ട്.

കണ്ണൂര്‍: വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനായി പോകുന്ന യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരുടെ വാഹനം തടയുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന് നിവേദനം നല്‍കി.

കഴിഞ്ഞ രണ്ട് ദിവസമായി കണ്ണൂരിലെ നിരവധി യൂത്ത് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ കൊട്ടിയൂര്‍ വഴി വയനാട്ടിലേക്ക് പോകുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പോലീസില്‍ നിന്നും വലിയ വിവേചനമാണ് നേരിടുന്നത്.

യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരുടെ വാഹനങ്ങള്‍ തിരഞ്ഞെടുത്ത് തടയുകയും മറ്റ് രാഷ്ട്രീയ പാര്‍ട്ടി വളണ്ടിയര്‍മാര്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നു.

അതിനാല്‍ ഈ പ്രദേശത്ത് സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഞങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

അതിനാല്‍ ഞങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്ന് രാഹുല്‍ വെച്ചിയോട്ട് നിവേദത്തില്‍ ആവശ്യപ്പെട്ടു.