കൈക്കൂലിക്ക് പിന്നില്‍ മണല്മാഫിയയെന്നും സംശയം-സസ്പെന്ഷനായെങ്കിലും വിവാദം ബാക്കി.

കോഴിക്കോട്: കഞ്ചാവ് കടത്തലിനിടെ പിടികൂടിയ കാര്‍ വിട്ടുനല്‍കാന്‍ 30,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 3 പേരെ നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ് സസ്പെന്റ് ചെയ്തു.
പഴയങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഇ.രാജഗോപാല്‍, എസ്.ഐ പി.ജി.ജിമ്മി, സീനിയര്‍ സി.പി.ഒ എ.ആര്.സര്‍ഗധരന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
ഏപ്രില്‍ 16 നാണ് സംഭവത്തിന്റെ തുടക്കം. അന്ന് രാത്രി 9.10 ന് നീരൊഴുക്കുംചാലില്വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിക്കവെ മാടായി മൊട്ടാമ്പ്രത്തെ വലിയമായത്തില് വീട്ടില്‍ എ.വി.സഫ്വാനെ
പിടികൂടിയെന്നാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നെതെങ്കിലും ഇതോടൊപ്പം പിടികൂടിയ കാര്‍ സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചെങ്കിലും അത് കൈക്കൂലി വാങ്ങി വിട്ടുനല്‍കിയെന്നാണ് പരാതി.
തളിപ്പറമ്പ് കുപ്പത്തെ ഒരാളാണ് ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. എന്‍.ഡി.പി.എസ്. കേസില്‍ പിടികൂടുന്ന വാഹനങ്ങള്‍ തിരികെ ലഭിക്കാന്‍ സാധ്യത വളരെ കുറവായതിനാലാണ് ഇടനിലക്കാരന് രംഗത്തുവന്നത്.
60,000 രൂപ കാറുടമയോട് വാങ്ങിയ ഇടനിലക്കാരന് 30,000 രൂപ സി.ഐക്ക് നല്‍കിയതായാണ് വിവരം.
പണം വാങ്ങിയ പോലീസ് കാര്‍ വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍ ബാക്കി 30,000 രൂപ ഇടനിലക്കാരന് കൈക്കലാക്കിയത് പുറത്തായതോടെയാണ് സംഭവം പോലീസിന്റെ ഉന്നത തലത്തില്‍ എത്തിയത്.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോര്ട്ടിന്മേല് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
എന്നാല്‍ മണല്‍ മാഫിയയുമായി ബന്ധപ്പെട്ടാണ് ഇടനിലക്കാരന് കൈക്കൂലി നല്‍കിയതെന്നാണ് പോലീസുകാര്‍ക്കിടയില്‍ നിന്ന് പുറത്തുവരുന്ന വിവരം.
