അപകടം-പരിക്കേറ്റവരില്‍ നിന്ന് എം.ഡി.എം.എയും മറ്റും പിടിച്ചെടുത്തു-

തീപിടിച്ചതും ദുരൂഹം-അന്വേഷണം ഊര്‍ജ്ജിതം

പരിയാരം: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സക്കെത്തിയവരില്‍ നിന്നും മാരകമായ മയക്കുമരുന്നുകള്‍ കണ്ടെത്തി.

കണ്ണപുരത്ത് ഇന്ന് രാവിലെ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്.

കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശേരി കെ.എസ്.ടി.പി.റോഡില്‍ ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം.

കെ.എ.35 എക്‌സ്-1923 നമ്പറിലുള്ള ഇവര്‍ സഞ്ചരിച്ച ബൈക്കും കത്തിനശിച്ചിരുന്നു.

കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംഷിര്‍(25) ആണ് മരണപെട്ടത്.

കൂടെയുണ്ടായിരുന്ന് മാലിക്ക്ദ്ദീനെ (26) ഗുരുതരമായി പൊള്ളലേറ്റ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോളാണ് വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ലഭിച്ചത്.

പരിയാരം പോലീസ് ഇവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തസാഹചര്യത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിയാരം എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തിലാണ് ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നത്.

ചിക്മംഗളൂരില്‍ നിന്നെത്തിയ ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. ചിക്മാംഗളൂര്‍ പോലീസുമായി ബന്ധപ്പെട്ട് ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

പാപ്പിനിശേരി ഭാഗത്തേക്ക് പോകുന്ന കാറും പിലാത്തറ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ബൈക്ക് അമിത വേഗതയിലാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ശാന്തിപുരയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തുന്ന ഷംഷീര്‍ തേപ്പുപണിക്കാരനായ മാലിക്കുദ്ദീനെ കാണാനാണ് കണ്ണൂരില്‍ എത്തിയതെന്നാണ് വിവരം.

ബൈക്കില്‍ മറ്റെന്തെങ്കിലും തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്നത് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്ണപുരം പോലീസ്.