തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വലയില്‍ കുടുങ്ങിയവരില്‍ മാധ്യമസ്ഥാപനങ്ങളും-

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വലയില്‍ വീണവരില്‍ പോലീസ് ഉന്നതരും ഉദ്യോഗസ്ഥ മേധാവികളും മാത്രമല്ല, ചില മാധ്യമസ്ഥാപനങ്ങളും പുരോഹിതരും ഉള്‍പ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

2020 ജൂലൈ-19 ലെ സണ്‍ഡേ ദീപികയിലാണ് ഫാ.റോയി കണ്ണഞ്ചിറ സി.എം.ഐ പേരുവെച്ച് എഴുതിയ കവര്‍‌സ്റ്റോറിയില്‍ മോന്‍സണ്‍ മാവുങ്കലിനെ അല്‍ഭുതങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദീപിക കൊച്ചേട്ടന്‍ എന്നറിയപ്പെടുന്ന ഫാ.റോയി കണ്ണഞ്ചിറ അടുത്തകാലത്ത് യൂട്യൂബ് വഴി നടത്തിയ പ്രഭാഷണത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കത്തോലിക്കാ വിഭാഗത്തിന്റെ മുഖപത്രമായ ദീപികയില്‍ ഇത്തരത്തില്‍ കവര്‍‌സ്റ്റോറി വന്നത് മോന്‍സണ് വലിയ സ്വീകാര്യത ഉണ്ടാക്കിയതായാണ് പറയപ്പെടുന്നത്.

ഈ ലേഖനം വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ദീപിക കൂടാതെ മറ്റ് ചില മാധ്യമങ്ങളും മോന്‍സണ് വ്യാപകമായ പ്രചാരം നല്‍കിയിരുന്നതായി വ്യക്തമായിട്ടുണ്ട്.