മനുഷ്യനാണ്-ജീവനാണ്, ഇങ്ങനെ കാഴ്ച്ചക്കാരാവരുതേ-
പരിയാരം: കേരളത്തിന് ഏറെ വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മുതല്‍ സമ്പൂര്‍ണ സാക്ഷരത വരെ. ആരോഗ്യത്തില്‍ മുമ്പരില്‍ മുമ്പനുമാണ്.

എന്നാല്‍ മനുഷ്യത്വം കൈമോശം വന്ന ഒരു തലമുറയാണ് ഈ നാടിന്റെ ശാപമെന്ന് പറയേണ്ടിയിരിക്കുന്നു.
ഇന്നലെ വൈകുന്നേരം ദേശീയപാത-66 ല്‍ ഏഴിലോട് നടന്ന ഒരു അപകടം നമ്മെക്കൊണ്ട് പറയിപ്പിക്കുന്നത് മറ്റ് പലതുമാണ്.
സംഭവം ഇങ്ങനെ— സംസ്ഥാന ജലഗതാഗത വകുപ്പില്‍ ജീവനക്കാരനായ ശ്രീകണ്ഠാപുരം കണിയാര്‍വയല്‍ സ്വദേശിയും പൊതു-സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.കെ.കൃഷ്ണന്‍ ഡ്യൂട്ടി കഴിഞ്ഞ് കാറില്‍ സഹപ്രവര്‍ത്തകനോടൊപ്പം മടങ്ങി വരികയാണ്. ഏഴിലോട് ബസ്‌റ്റോപ്പിന് സമീപം ദേശീയപാതയില്‍ ഒരു സ്ത്രീ വാഹനമിടിച്ച് കിടക്കുകയാണ്. കുറേയാളുകള്‍, കൂടുതലും ചെറുപ്പക്കാര്‍ കാഴ്ച്ചക്കാരായി നോക്കിനില്‍ക്കുന്നുണ്ട്. കാര്‍ നിര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഏതോ കാര്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയൊന്നും നല്ല പരിക്കുണ്ടെന്നും നിസംഗതയോടെ പറയുകയാണ് കാഴ്ച്ചക്കാര്‍. അവശനിലയില്‍ കിടക്കുന്ന സ്ത്രയുടെ ശരീരത്തില്‍ നിന്നും രക്തം ഒലിക്കുന്നുണ്ട്. എന്താ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ലേ എന്ന ചോദ്യത്തിന് വാഹനമൊന്നും കിട്ടിയില്ലെന്ന് മറുപടി. ഉടന്‍തന്നെ സ്വന്തം കാറിലേക്ക് കയറ്റാന്‍ കൃഷ്ണനും സഹപ്രവര്‍ത്തകനും ആവശ്യപ്പെടുകയും അങ്ങനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. ശ്രീകണ്ഠാപുരം പോലീസിന്റെ WAR (We Are Ready വാര്‍) ഗ്രൂപ്പിലെ വളണ്ടിയര്‍ കൂടിയാണ് കെ.കെ. കൃഷ്ണന്‍ സ്ഥിതി ഗുരുതരമായതിനാല്‍ രാധയെന്ന ഈ 56 കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പിലെ ഒരു എ.എം.വി.ഐയുടേതാണ് കാറെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയില്‍ അപകടങ്ങള്‍ നടന്നാല്‍ ഉപയോഗപ്പെടുത്തുവാന്‍ പോലീസ് സൗജന്യ ആംബുലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ സേവനം ഇപ്പോള്‍ തളിപ്പറമ്പിലേക്ക് മാറ്റിയിരിക്കയാണ്. 9846100100 എന്ന നമ്പറില്‍ വിളിച്ചാല്‍ ദേശീയപാതയില്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനെത്തേണ്ട ആംബുലന്‍സ് പരിയാരം പോലീസ് സ്‌റ്റേഷനില്‍ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
