വാറ്റ്-2022-രഹസ്യവാറ്റുകേന്ദ്രം പോലീസ് തകര്‍ത്തു-
പയ്യന്നൂര്‍: രാമന്തളിയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. നിര്‍മ്മാണ സാമഗ്രികളും മൂന്നര ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി.

രാമന്തളി കുന്നരുവില്‍ ചാരായ വാറ്റ് നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പരിശോധന നടത്തിയത്.
പോലീസ് എത്തിയപ്പോള്‍ വ്യാജവാറ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.
പോലീസിനെ കണ്ടപ്പോള്‍ പ്രതി ശശി ഓടി രക്ഷപ്പെടുകയും ചെയ്തു.
അര്‍ദ്ധരാത്രി തന്നെ ശശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
സമീപകാലത്തായി പോലീസ് നടത്തിയ വലിയ ഓപ്പറേഷനുകളില്‍ ഒന്നാണ് ഇന്നലെ നടന്നത്.
രാമന്തളി കുന്നരു നീലകരിച്ചാല്‍കുന്നിന്റെ മുകളില്‍ ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലത്താണ് രഹസ്യവാറ്റു കേന്ദ്രം സ്ഥാപിച്ചത്.
പോലീസ് വരുന്ന വഴികളില്‍ നിരീക്ഷകരെയും മറ്റും വെച്ചെങ്കിലും പോലീസിന്റെ തന്ത്രപരമായ നീക്കം വ്യാജവാറ്റുകാരനെ കുടുക്കുകയായിരുന്നു.
സമൂഹത്തിലാകെ മയക്കുമരുന്നിനെയും വ്യാജമദ്യത്തിനെതിരെയും ശക്തമായ പ്രചാരണങ്ങളും മറ്റും നടക്കുന്നതിനിടയിലാണ് വ്യാജവാറ്റ് നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി നശിപ്പിച്ചത്.
എസ് ഐ കെ.വി.മുരളിയുടെ നേതൃത്വത്തില്‍ എ എസ്‌ഐ എ.ജി.അബ്ദുല്‍റൗഫ്, ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ.വിജിത്ത്, കെ എ പിയിലെ ജിബിന്‍, സനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
