തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൊമ്പുകോര്‍ത്തു.-പൊട്ടിപ്പൊളിഞ്ഞ മൊമന്റോ നല്‍കിയതില്‍ പ്രതിപക്ഷ വിമര്‍ശനം.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു.

പൂന്തുരുത്തി തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടന്നത്.
തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ സ്ഥലം ചിലര്‍ കയ്യേറിയെന്ന സി.പി.എം കൗണ്‍സിലര്‍ പി.ഗോപിനാഥിന്റെ ആരോപണത്തില്‍ കയറിപ്പിടിച്ച് തൃച്ചംബരം വാര്‍ഡിലെ കൗണ്‍സിലര്‍ പി.വി.സുരേഷ് കൗണ്‍സിലര്‍ ഉദ്ദേശിച്ച സ്ഥലം ക്ഷേത്ര സംരക്ഷണ സമിതിയുടേതാണെന്നും ഇതിന് വ്യക്തമായ രേഖകളുണ്ടെന്നും പറഞ്ഞു.
ഇതോടെ സി.വി.ഗിരീശന്‍, കെ.എം.ലത്തീഫ്, എം.പി.സജീറ എന്നീ സി.പി.എം.കൗണ്‍സിലര്‍മാര്‍ ബഹളംവെച്ചുവെങ്കിലും സുരേഷും ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജനും ശക്തമായി പ്രതിരോധിച്ചതോടെ സി.പി.എം കൗണ്‍സിലര്‍മാര്‍ പിന്‍വാങ്ങുകയായിരുന്നു.
ജനകീയാസൂത്രണ പദ്ധതി രജതജൂബിലിയുടെ ഭാഗമായി 91 മുന്‍ കൗണ്‍സിലര്‍മാര്‍ക്ക് മൊമന്റോയും ക്ഷണക്കത്തും നല്‍കിയതിന് 56,960 രൂപ ചെലവാക്കിയതിനെ പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.
സി.വി.ഗിരീശനാണ് ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.
650 രൂപ ചെലവാക്കിയ മൊമന്റോക്ക് യാതൊരു ഗുണമേന്‍മയുമില്ലെന്നും, തനിക്ക് തന്ന മൊമന്റൊ പൊട്ടിപ്പൊളിഞ്ഞ നിലയിലായതിനാല്‍ തിരിച്ചേല്‍പ്പിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷണക്കത്തിന് 12 രൂപ ചെലവഴിച്ചതും വിമര്‍ശനത്തിനിടയാക്കി.
ആഡ്സ്റ്റാര്‍ എന്ന സ്വകാര്യ ഏജന്‍സിയാണ് നഗരസഭക്ക് മൊമന്റോ നിര്‍മ്മിച്ച് നല്‍കിയത്.
ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാര്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സി.സുരേഷ്‌കുമാര്‍, പി.സി.നസീര്‍, എം.സജീന, ഡി.വനജ, കെ.രമേശന്‍, വി.വിജയന്‍, ഒ.സുഭാഗ്യം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
