പരിസരങ്ങളില്‍ മണിക്കൂറുകളോളം സുഗന്ധം പരത്തി കര്‍പ്പൂരമരങ്ങള്‍ ഓര്‍മ്മയായി-

തളിപ്പറമ്പ്: നൂറ്റാണ്ട് പിന്നിട്ട കര്‍പ്പൂരമരങ്ങള്‍ മുറിച്ചുനീക്കി. റോഡ് വികസനത്തിന്റെ ഭാഗമായി കരിമ്പം ജില്ലാ കൃഷിഫാമിന്റെ സ്ഥലം ഏറ്റെടുത്തതോടെയാണ് 117 വര്‍ഷം പഴക്കമുള്ള ഈ അപൂര്‍വ്വ മരങ്ങള്‍ ഇന്നലെ മുറിച്ചു നീക്കിയത്.

കര്‍പ്പൂരം ഉണ്ടാക്കാന്‍ ഈ മരത്തിലെ തൈലകോശങ്ങളെയാണ് ഉപയോഗിക്കുന്നത്. സിനമോമം കാഫഫെറ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കര്‍പ്പൂരം കറുവപ്പട്ട(സിനമോണ്‍) മരത്തിന്റെ അതേ വര്‍ഗത്തില്‍പെടുന്ന ചെടിയാണ്.

ഈ മരങ്ങള്‍ മുറിച്ചുനീക്കുമെന്ന് ഉറപ്പായതോടെ ഇവയുടെ വംശപരമ്പര നിലനിര്‍ത്തുന്നതിന് മരത്തില്‍ നിന്നും ബഡ് ചെയ്ത ചെടികള്‍ ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ ഫാം അധികൃതര്‍ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചിട്ടില്ല.

യൂറോപ്പില്‍ നിന്നും കൊണ്ടുവന്ന് കരിമ്പം ഫാം സ്ഥാപകന്‍ ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ ഇവിടെ നട്ടുപിടിപ്പിച്ച കര്‍പ്പൂരമരങ്ങള്‍ മികച്ച ഇനമാണെന്നും ഇത്തരത്തിലുള്ള കര്‍പ്പൂരമരങ്ങള്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വമാണെന്നും കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുന്നു.

ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോയിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന ഔഷധസസ്യമാണ് കര്‍പ്പൂരം. ശ്വാസോഛ്വാസം ഉത്തേജിപ്പിക്കാനും ചൊറിച്ചിലിനും പേശികളുടെ വലിവ്‌, വേദന കടച്ചില്‍ എന്നിവ മാറ്റാനും കര്‍പ്പൂരത്തിനു കഴിയും.

കര്‍പ്പൂരം കൂടുതല്‍ കഴിച്ചാല്‍ മരണം പോലും സംഭവിക്കുെമന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കര്‍പ്പൂര മരത്തില്‍ നിന്ന് ശേഖരിക്കുന്ന തൈലരൂപത്തിലുള്ള ദ്രാവകം വിവിധ പ്രകൃതിദത്ത പ്രക്രിയയിലൂടെയാണ് കര്‍പ്പൂരമാക്കി മാറ്റുന്നത്.

ഇന്നലെ ഉച്ചയോടെ മരങ്ങള്‍ മുറിച്ചുതുടങ്ങിയതോടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ അസാധാരണമായ കര്‍പ്പൂരസുഗന്ധം പരന്നത് ആളുകളെ അല്‍ഭുതപ്പെടുത്തി.