ലഹരിമാഫിയാ സംഘം ഏറ്റുമുട്ടി-ഒരാള്‍ക്ക് കുത്തേറ്റ് ഗുരുതരം-പ്രതി അറസ്റ്റില്‍.

പരിയാരം: ലഹരി മാഫിയാ സംഘം ഏറ്റുമുട്ടി, ഒരാള്‍ക്ക് സോഡാകുപ്പികൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്, പ്രതിയെ പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

വായാട്ടെ കോലോട്ടി വിജയന്‍(56)നാണ് വെട്ടേറ്റത്.

പ്രതിയായ വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെ(50) ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെ വായാട് ടൗണിലാണ് സംഭവം നടന്നത്.

കാലുകള്‍ക്കും കൈകള്‍ക്കും ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റ് കടത്തിണ്ണയില്‍ ചോരവാര്‍ന്നുകിടന്ന വിജയനെ പരിയാരം പോലീസ് എത്തിയാണ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വിജയന്‍ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലാണ്. വൈകുന്നേരം ഏഴോടെ മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും ടൗണില്‍ ചുറ്റിത്തിരിയുന്ന സംഘം വായാട് കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കലഹംമൂത്ത് നസീര്‍ സോഡ കുപ്പി പൊട്ടിച്ച് വിജയനെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.

ഐ.പി.സി 307 പ്രകാരം വധശ്രമത്തിനാണ് പോലീസ് നസീറിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.