ഇനി ഇവിടെ നടക്കൂല്ല-മെഡിക്കല്‍ കോളേജ് പരിസരം ക്ലീന്‍സിറ്റി-ഗ്രീന്‍സിറ്റി.
പരിയാരം: ഇനി ഇവിടെ നടക്കൂല്ല-പറയുന്നത് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍.

ചെറുതാഴം പഞ്ചായത്തിന് പൊതുസമൂഹത്തിന് മുന്നില്‍ താഴ്ത്തിക്കെട്ടാന്‍ ഇടവരുത്തിയ ദേശീയപാതയോരത്ത് പോലീസ് സ്‌റ്റേഷന് മുന്നിലായി നടത്തിയ മാലിന്യനിക്ഷേപവും പ്ലാസ്റ്റിക്ക് കത്തിക്കലും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ശ്രീസ്ഥറോഡില്‍ ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് മാലിന്യനിക്ഷേപവും പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കലും കൊണ്ട് പ്രദേശവാസികള്‍ പൊറുതിമുട്ടി നില്‍ക്കുകയായിരുന്നു.
മാധ്യമങ്ങളില്‍ നിരന്തരമായി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഇടപെട്ട് ജെ.സി.ബി.ഉപയോഗിച്ച് മാലിന്യം നീക്കുകയും പരിസരത്തെ കാടുകള്‍ നീക്കം ചെയ്തത്.
നേരത്തെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഇവിടെ ഇരട്ട തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കാനായി കണ്ടെത്തിയ സ്ഥലമായിരുന്നു ഇത്.
എന്നാല്‍ ചില സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി ഇത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഇപ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്ത് ബസ്റ്റാന്റ് നിര്‍മ്മിക്കാനായി ഇവിടം പരിഗണിച്ചുവരികയാണ്.
മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത പഞ്ചായത്ത് അധികൃതര്‍ വ്യാപാരി വ്യവസായി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് മെഡിക്കല്‍ കോളേജ് പരിസരം ക്ലീന്‍സിറ്റി ഗ്രീന്‍സിറ്റി ആക്കിമാറ്റാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ നിര്‍വ്വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.രമേശന്‍, എന്‍.മധു, കെ.രാജശേഖരന്‍,. എം.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് പി.രമേശന്‍ സ്വാഗതവും സെക്രട്ടെറി സി.രാജീവന്‍ നന്ദിയും പറഞ്ഞു.
