ആനന്ദ സമര്‍പ്പണത്തെ ഭാവദീപ്തമാക്കി ഡോ വി ആര്‍ ദിലീപിന്റെ കച്ചേരി
തളിപ്പറമ്പ്: നീലകണ്ഠ അബോഡില്‍ ധ്യാനാനുഭവം വര്‍ഷിച്ച് ഡോ.വി.ആര്‍.ദിലീപിന്റെ ആനന്ദ സമര്‍പ്പണ്‍.
മുതിര്‍ന്ന കര്‍ണാട്ടിക് സംഗീതജ്ഞനായ ദിലീപ് രാഗ-ശൃംഗാരരസത്തെ ചിത്രീകരിക്കുന്ന ബൃന്ദാവന സാരംഗ് രാഗത്തില്‍ മുത്തുസ്വാമി ദിക്ഷിതര്‍ ചിട്ടപ്പെടുത്തിയ ജനകീയമായ രംഗപുരവിഹാര കീര്‍ത്തനത്തെ അതുല്യമായ ആലാപനശൈലി കൊണ്ട് ശ്രോതാക്കളെ സര്‍ഗ്ഗാത്മകതയുടെ കൊടുമുടിയില്‍ എത്തിച്ചു.
ശ്രീരംഗനാഥസ്വാമിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ കീര്‍ത്തനം മുതിര്‍ന്ന വയലിന്‍ വാദകന്‍ തിരുവിഴ വിജു.എസ്.ആനന്ദ് മികച്ച പിന്തുണ നല്‍കി കച്ചേരിയെ ഹൃദ്യമാക്കി.
ആനന്ദ സമര്‍പ്പണ്‍ പരിപാടിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ ഏഴാമത്തെ കച്ചേരിയിലേക്ക് ഗുരുവായൂര്‍, കോഴിക്കോട്, തൃശൂര്‍, പയ്യന്നൂര്‍, ഇരിട്ടി, തലശേരി തുടങ്ങി
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും അമ്പതോളം വരുന്ന ശുദ്ധ സംഗീത ആസ്വാദകരുടെ സദസ് എത്തിയിരുന്നു.
നൊച്ചൂര്‍ നാരായണന്‍ കലാകാരന്മാരെ ആദരിച്ച് സംസാരിച്ചു.
