വക്കീല്‍നോട്ടീസ് അയച്ച വിരോധത്തിന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കിട്ടാനുള്ള പണം ലഭിക്കാത്തതിനാല്‍ വക്കീല്‍നോട്ടീസ് അയച്ച സംഭവത്തില്‍ പ്രകോപിതരായി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കൂവേരി ആറാംവയല്‍ സ്വദേശികളായ ജിതിന്‍, രജീഷ്, രജിഷ, രജിഷയുടെ അച്ഛന്‍ എന്നിവരുടെ പേരിലാണ് കേസ്.

എടക്കോം കണാരംവയലിലെ പീടികയില്‍ വീട്ടില്‍ പി.എ.അഭിലാഷിന്റെ(41)പരാതിയിലാണ് കേസ്.

ഏപ്രില്‍ 7 ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രജിഷയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച്‌സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജിതിനും രജീഷും ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരന്നു. കാറിനകത്ത് വെച്ച്

ജിതിന്‍ കൈകൊണ്ടും സ്റ്റീല്‍വള കൊണ്ടും മര്‍ദ്ദിക്കുകയും ശേഷം കൂവേരിയില്‍ പ്രതികള്‍ പുതുതായി പണിയുന്ന വീട്ടിലേക്ക് എത്തിച്ച് നാലുപ്രതികളും ചേര്‍ന്ന് കല്ലും ചെരിപ്പും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സാമ്പത്തിക ഇടപാടിന്റെ രേഖകളുള്ള മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും അടിച്ചുതകര്‍ത്ത് 12,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് കേസ്.

മൂന്നാംപ്രതി രജിഷ അഭിലാഷിന് നല്‍കാനുള്ള പണം കൊടുക്കാത്തതിനാല്‍ വക്കീല്‍നോട്ടീസ് അയച്ചതിനാണ് മര്‍ദ്ദനമെന്നാണ് പരാതി.