മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി.
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി.
ബെംഗളൂരു ചിന്മയ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു മരണം. മകന് ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

നിലവില്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഉമ്മന്‍ ചാണ്ടി. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ദിവസം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് ഉമ്മന്‍ ചാണ്ടിക്ക് സ്ന്തമാണ്. 1943 ഒക്ടോബര്‍ 31-നാണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. 2020ല്‍ നിയമസഭ അംഗമായി 50 വര്‍ഷം പിന്നിട്ട ഉമ്മന്‍ ചാണ്ടി 2004-2006, 20112016 എന്നീ വര്‍ഷങ്ങളില്‍ രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.തൊഴില്‍ വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ്.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.
സ്കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായി തുടര്‍ന്ന് എ.ഐ.സി.സി അംഗമായി.
1970 മുതല്‍ 51 വര്‍ഷമായി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആദ്യ മത്സരം 1970-ല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു. സി.പി.എം എം.എല്‍.എ യായിരുന്ന ഇ.എം. ജോര്‍ജിനെ ഏഴായിരത്തില്‍ പരം വോട്ടിന് പരാജയപ്പെടുത്തി. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തി.
1977ല്‍ കെ. കരുണാകരന് മന്ത്രിസഭയിലും 1978-ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തില്‍ കരുണാകരന് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരന് മന്ത്രിസഭയില്‍ ധനകാര്യം വകുപ്പ് മന്ത്രിയായി.
1980-കളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആന്റണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ല്‍ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായി. 2004-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോല്‍ക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
