അച്ഛനും ബാപ്പക്കും 51 വയസായി-
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു, മനസു പങ്കുവെച്ചു-

വയലാറിന്റെ ഈയൊരു പാട്ടിലൂടെ മലയാളി ഇന്നും എന്നും ഓര്‍മ്മിക്കുന്ന സിനിമയാണ് അച്ഛനും ബാപ്പയും.
കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് അന്നത്തെ പ്രമുഖ നിര്‍മ്മാതാവായ എം.എസ്. പ്രൊഡക്ഷന്‍സിന്റെ സി.സി.ബേബി.
കെ.പി.ഉമ്മര്‍ നായകവേഷത്തിലെത്തിയ സിനിമയില്‍ വിന്‍സെന്റ്, അടൂര്‍ഭാസി, ജയഭാരതി, കൊട്ടാരക്കര, ബഹദൂര്‍, ശ്രീമൂലനഗരം വിജയന്, മീന, ഫിലോമിന, അയ്യപ്പന്‍പിള്ള, വിജയകുമാരി. കമലം, ബേബി സുമതി, മാസ്റ്റര്‍ രഘു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
പ്രശസ്ത നാടകകൃത്ത് കെ.ടി.മുഹമ്മദാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.
ക്യാമറ വി.നമാസ്, എഡിറ്റര്‍ കെ.നാരായണന്, ജോളി ഫിലിംസ് വിതരണം ചെയ്ത സിനിമ 1972 ജൂലായ് 21 നാണ് റിലീസ് ചെയ്തത്.
ഇന്നും ഹിറ്റ്ചാര്ട്ടിലുള്ള 10 ഗാനങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
നസീറും മധുവും സിനിമയില്‍ നിറഞ്ഞുനില്ക്കുമ്പോള്,സേതുമാധവന് ഉമ്മറിനെ നായകനാക്കി ഈ സിനിമ സംവിധാനം ചെയ്തതും,താടിവെച്ച ഉമ്മറിന്റെ ചിത്രം പോസറ്റുകളില്‍ നിറഞ്ഞു നിന്നതും ഒരു കാലഘട്ടം ഓര്‍ക്കുന്നു.
കോഴിക്കോടന്‍ അരങ്ങിന്റെ ജീവനായിരുന്ന കെ.ടി.മുഹമ്മദിന്റെ നാടകത്തെ അവലംബമാക്കിയ ഈ സിനിമ ദേശിയോദ്ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം നേടി.
കൃഷ്ണന്റെ സഹോദരി യശോദ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ്. കൃഷ്ണന് ജയിലിലായിരുന്നപ്പോള്‍ മാധവന് എന്നൊരു രാഷ്ട്രീയ (കമ്മ്യൂണിസ്റ്റ് ) പ്രവര്‍ത്തകനുമായി അവള് പ്രേമിച്ച് വിവാഹ ബന്ധത്തിലേര്‍പ്പെട്ടു.ആ ബന്ധത്തിലുണ്ടായ കുഞ്ഞിനു മൂന്നോളം വയസ്സായി.പേര് ദേവദാസ്.വൈദ്യനെ കണ്ടു കിട്ടുന്നതു വരെ ജീവിക്കണമല്ലോ.കൃഷ്ണന് അവരോടൊന്നിച്ചു താമസമാക്കി. അങ്ങാടിയില്‍ ചായക്കച്ചവടം നടത്തുന്ന അബ്ദുല്ല, കുടുംബത്തോടൊന്നിച്ച് കൃഷ്ണന്റെ അയല്പക്കത്തു ജീവിക്കുന്നു.അയാള്‍ പണ്ടേ കൃഷ്ണന്റെ ഉറ്റ സുഹൃത്താണ്.കൃഷ്ണനെ നല്ല വഴിക്ക് നയിക്കാന്‍ അയാള്‍ ആവതും ശ്രമിക്കുന്നു. ആലിഹാജി സ്ഥലത്തെ ഒരു മുസ്ലിം പ്രമാണിയാണ്.ഒരു ജോലിക്ക് വേണ്ടി കൃഷ്ണന് അയാളെ സമീപിച്ചു.ഉടനെ നടക്കാനിരിക്കുന്ന അയാളുടെ മകന് മുസ്തഫയുടെ വിവാഹാഘോഷത്തിനു പന്തല്‍ പണിയാന്‍ കൃഷ്ണനെ ഭരമേല്പിച്ചു.ആലിഹാജിയുടെ സന്തത സഹചാരിയും കാര്യസ്ഥനുമായ ഇബ്രാഹിം കുട്ടിയ്ക്ക് അതിഷ്ടമായില്ല.
ഒരു നാള് ഗര്‍ഭിണിയായ ഒരു മുസ്ലിം യുവതി കൃഷ്ണന്റെ വീട്ടിലേയ്ക്ക് പേറ്റുനോവോടെ വന്നു.സ്ത്രീകള്‍ പുരുഷന്മാരെ വഞ്ചിക്കാറുണ്ട്.പുരുഷന്മാര് സ്ത്രീകളെ വഞ്ചിക്കാറില്ലേ. അങ്ങിനെ ഒരു വഞ്ചനയുടെ ഫലമായിരുന്നു അത്. വിവാഹിതനാകാന്‍ പോകുന്ന മുസ്തഫയുടെ രഹസ്യ കാമുകി.ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു കൊണ്ട് ആ യുവതി മരിച്ചു.തന്റെ കുഞ്ഞിനു പകരം ഈശ്വരന് നല്‍കിയതാണെന്ന് കരുതി കൃഷ്ണന് ആ കുഞ്ഞിനെ വളര്ത്താനുറച്ചു.പെങ്ങള്‍ക്കും ഭര്‍ത്താവിനും അതിഷ്ടപ്പെട്ടില്ല.അബ്ദുല്ലയ്ക്കും അതു സമ്മതിക്കാന്‍ കഴിഞ്ഞില്ല.കുഞ്ഞിനെയും ആവശ്യപ്പെട്ടു കൊണ്ട് ആലിഹാജിയും കാര്യസ്ഥനും വന്നു.കൃഷ്ണന് അവരെ തിരിച്ചയച്ചു.താനാ കുഞ്ഞിനെ ഒരു മുസ്ലിമായിത്തന്നെ വളര്ത്തുമെന്നവര്ക്ക് ഉറപ്പു കൊടുത്തു. എന്നാലും ആലിഹാജിക്ക് അതൊരപമാനമായി മാത്രമേ തോന്നിയുള്ളൂ. ഒരു മുസ്ലിം കുട്ടി ഒരു ഹിന്ദുവിന്റെ വീട്ടില്‍ വളരുക.അതിനോടനുബന്ധിച്ച പല വിഷമതകളും നല്ലവനായ അബ്ദുല്ലയുടെയും കുടുംബത്തിന്റെയും സഹായത്തോടെ കൃഷ്ണന് തരണം ചെയ്തു.ആ കുട്ടിക്ക് ആമിന എന്ന് നാമകരണം ചെയ്യപ്പെട്ടു. മുസ്തഫ വിവാഹം ചെയ്തത് സഫിയ എന്ന പെണ്‍കുട്ടിയെ ആയിരുന്നു.ആ ദാമ്പത്യവല്ലരിയില്‍ രണ്ടു പ്രസവങ്ങള്‍ നടന്നെങ്കിലും കുഞ്ഞുങ്ങള്‍ ജീവിക്കുകയുണ്ടായില്ല.ആമിന സ്വന്തം മകളാണ്.മുസ്തഫയ്ക്ക് അതു തുറന്നു പറയാന്‍ വയ്യ.എങ്കിലും അവളെ സ്വന്തമായി കിട്ടാന്‍ അവന് ശ്രമം നടത്തി.ആ ശ്രമങ്ങളൊന്നും കൃഷ്ണന്റെ മുന്പില് വിലപ്പോയില്ല. കൃഷ്ണന് ആമിനയെ മതം പഠിപ്പിച്ചു.സ്ക്കൂളിലയച്ചു.അവള് കോളേജ് ക്ലാസ്സുകളിലെത്തി.അവള് പതിനെട്ടു വയസ്സുള്ള ഒരു യുവതിയായിക്കഴിഞ്ഞിരിക്കുന്നു–തുടര്‍ന്ന് നടക്കുന്ന സംഭവബഹുലമായ കഥയാണ് അച്ഛനും ബാപ്പയും പറയുന്നത്. 51 വര്‍ഷത്തിന് ശേഷവും ഈ സിനിമയുടെ പ്രമേയം കാലികകമായി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-ദേവരാജന്‍)
1-ദൈവമേ കൈതൊഴാം-പി.മാധുരി.
2-കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു-പി.സുശീല.
3-കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു-യേശുദാസ്.
4-മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു-യേശുദാസ്.
5-മോഹത്തിന്റെ മുഖം ഞാന്‍ കണ്ടു-യേശുദാസ്.
6-ഒരുമതം ഒരു ജാതി-പി.ബി.ശ്രീനിവാസ്, മാധുരി.
7-പൊന്നിന്റെ കൊലുസുമിട്ട്-പി.മാധുരി.
(കണ്ണിനും കണ്ണാടിക്കും ഒരു തവണയും മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു 2 തവണയും ഭാഗികമായി ആവര്‍ത്തിക്കപ്പെടുന്നുണ്ട്)
