അനധികൃത കാട്ടുപന്നിവേട്ട വ്യാപകം-വനംവകുപ്പ് അന്വേഷണം തുടങ്ങി.

പിലാത്തറ: അനധികൃത കാട്ടുപന്നിവേട്ടയെക്കുറിച്ച് വനം വകുപ്പ് അന്വേഷണമാരംഭിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായാട്ടുസംഘങ്ങള്‍ വ്യാപകമായി കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് ഇറച്ചി വില്‍പ്പന നടത്തുന്നതായി ഫ്ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത് കെ.രാമന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം.

കഴിഞ്ഞ ദിവസം അഞ്ചോളം കാട്ടുപന്നികളെ നായാട്ടുസംഘം കൊല്ലുകയും ഇറച്ചി വില്‍പ്പന നടത്തുകയും ചെയ്തതായി ദൃക്സാക്ഷിയായ ഒരാളാണ് പരാതി നല്‍കിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്കും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്.

കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന പന്നികളെ വെടിവെക്കാന്‍ ലഭിച്ച അനുമതി മറയാക്കിയാണ് വ്യാപകമായ വേട്ട നടക്കുന്നതെന്നാണ് വിവരം.

നിരവധി നായാട്ടുസംഘങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് അനധികൃത വേട്ട നടത്തുന്നുണ്ടെങ്കിലും പന്നികളുടെ ശല്യം കാരണം ആരും പരാതി പറയാത്തതാണ് ഇവര്‍ക്ക് വളമായി മാറിയത്.

ഡി.എഫ്.ഒയുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷമമാരംഭിച്ചിട്ടുണ്ട്.

ഇപ്പോഴും സംരക്ഷിതപട്ടികയില്‍ തുടരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ച ശേഷം ജഡം ശാസ്ത്രീയമായി സംസ്‌ക്കരിക്കണമെന്ന നിര്‍ദ്ദേശം എവിടെയും പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി.