കിഷോര്‍കുമാറും ലതാമങ്കേഷ്‌ക്കരും പാടി-അടൂര്‍ഭാസിയും ശ്രീലതയും ചുവടുവെച്ചു-അയലത്തെ സുന്ദരിക്ക് 49-ാം പിറന്നാള്‍ ഇന്ന്.

         സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപകനായിരുന്ന പാലക്കാട് സ്വദേശി ജി.പി.ബാലനെ നിര്‍മ്മാതാവും സംവിധായകനുമാക്കിയത്.

1973 ല്‍ ബി.കെ.പൊറ്റൈക്കാട്ട് സംവിധാനം ചെയ്ത ആരാധികയായിരുന്നു ആദ്യ സിനിമ.

ആരാധികയില്‍ കൈപൊള്ളിയെങ്കിലും ഹരിഹരന്റെ സംവിധാനത്തില്‍ 1974 ല്‍ അയലത്തെ സുന്ദരി നിര്‍മ്മിച്ചു.

സൂപ്പര്‍ഹിറ്റായി മാറിയ ഈ സിനിമക്ക് ശേഷം 1975 ല്‍ ബാബുമോന്‍, ലവ് മാര്യേജ്, 76 ല്‍ തെമ്മാടി വേലപ്പന്‍, 77 ല്‍ തോല്‍ക്കാന്‍ എനിക്കു മനസില്ല, 78 ല്‍ കെ.ജി.രാജശേഖരന്റെ സംവിധാനത്തില്‍ വെല്ലുവിളി, 79 ല്‍ മലയാളത്തിലെ ആദ്യത്തെ കൗബോയ് സിനിമ വിജയം നമ്മുടെ സേനാനി എന്നിവ ചന്തമണി ഫിലിംസ് എന്ന ബാനറില്‍ നിര്‍മ്മിച്ചു.

പിന്നീട് ജി.പി.ഫിലിംസ് എന്ന ബാനറില്‍ 1979 ല്‍ ശരപഞ്ജരം, 80 ല്‍ ലാവ, അവന്‍ ഒരു അഹങ്കാരി എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.

81 ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ രാജ്കുമാറിനെ നായകനാക്കി സംസ്‌ക്കാരം എന്ന സിനിമ നിര്‍മ്മിച്ചുവെങ്കിലും അത് റിലീസായില്ല.

1983 ല്‍ ഒരു മൊട്ടുവിരിഞ്ഞപ്പോള്‍ എന്ന സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തുവെങ്കിലും പുറത്തിറങ്ങിയില്ല.

ബിച്ചു തിരുമല എഴുതി കെ.ജെ.ജോയി ഈണം പകര്‍ന്ന പൂമരത്തിന്‍ ചില്ലകളില്‍ തന്നാനംപാടി എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ഈ സിനിമയിലാണ്.

1974 ആഗസ്ത്-2 നാണ് അയലത്തെ സുന്ദരി റിലീസ് ചെയ്തത്. ഹരിഹരന്‍ കഥ, തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഭാഷണം എഴുതിയത് ഡോ.ബാലകൃഷ്ണന്‍.

പ്രേംനസീര്‍, രാഘവന്‍, ജയഭാരതി, ശ്രീവിദ്യ, കെ.പി.ഉമ്മര്‍, സുധീര്‍, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, മുത്തയ്യ, അഴീക്കോട് ബാലന്‍, ശ്രീലത, മീന, പ്രേമ, ടി.ആര്‍.ഓമന, ഖദീജ, സാധന എന്നിവരാണ് മുഖ്യവേഷങ്ങല്‍ ചെയ്തത്. ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍ ക്യാമറയും വി.പി.കൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

സി.കെ.ജോണ്‍ കലാസംവിധാനം, എസ്.എ.നായര്‍ ഡിസൈന്‍. ഹസീനാ ഫിലിംസായിരുന്നു വിതരണക്കാര്‍. ഇന്നും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുന്ന 7 ഗാനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

പ്രണയത്തില്‍  പൊതിഞ്ഞ പൊട്ടിച്ചിരിയാണ് അയലത്തെ സുന്ദരി എന്ന സിനിമ പ്രേക്ഷകന് സമ്മാനിച്ചത്.

ഗാനങ്ങള്‍(രചന-മങ്കൊമ്പ് ഗോപാലകൃഷ്ണന്‍-സംഗീതം-ശങ്കര്‍ ഗണേഷ്)

1-ചിത്രവര്‍ണ പുഷ്പജാലമൊരുക്കിവെച്ചു-വാണിജയറാം.

2-ഹേമമാലിനീ, ഹേമമാലിനീ–ജയചന്ദ്രന്‍, ചന്ദ്രമോഹന്‍, എല്‍.ആര്‍.ഈശ്വരി, ശ്രീവിദ്യ.

3-ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോഴൊരു-യേശുദാസ്.

4-നീലക്കുടനിവര്‍ത്തി മാനം നമുക്കുവേണ്ടി-യേശുദാസ്.

5-സ്വര്‍ണ്ണച്ചെമ്പകം പൂത്തിറങ്ങിയ-ജയചന്ദ്രന്‍, ചന്ദ്രമോഹന്‍, എല്‍.ആര്‍.ഈശ്വരി, ശ്രീവിദ്യ.

6-ത്രയമ്പകം വില്ലൊടിഞ്ഞു-യേശുദാസ്.

7-കോറാ കാഗസ്(ആരാധന)-കിഷോര്‍കുമാര്‍, ലതാ മങ്കേഷ്‌കര്‍( ഈഗാനവും ചിത്രത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്-ശ്രീലതയും അടൂര്‍ഭാസിയും ഈ ഗാനത്തിന് ചുവടുവെക്കുന്ന രംഗങ്ങള്‍ രസകരമാണ്).