ഇപ്പം കത്തിക്കും-ഭീഷണി ഉയര്‍ത്തിയ സ്ത്രീയെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തൃക്കരിപ്പൂര്‍: ദേഹത്ത് പെട്രോ ളൊഴിച്ച് കൈയില്‍ തീപ്പെട്ടിയുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാസേന തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി.

കൊയോങ്കര മൃഗാശുപത്രിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സൈഫുന്നിസ (36) യാണ് മുറിയടച്ച് ദേഹമാസകലം പെട്രോളൊഴിച്ച് ഇപ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
രാവിലെ ചന്തേര പോലീസില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളുമായി കുതിച്ചെത്തിയ അഗ്‌നിരക്ഷാസേന മുറിയില്‍ നി ന്ന് ഉയരുന്നത് പെട്രോളിന്റെ ഗന്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫയര്‍ എക്സ്റ്റിംഗ്ഷണറും വെള്ളംചീറ്റാനുള്ള തയാറെടുപ്പുമായി ലോക്ക് ചെയ്ത വാതിലില്‍ മുട്ടി.
സൈഫുന്നീസ വാതില്‍ തുറക്കാന്‍ കൂട്ടാക്കാതിരുന്നതോടെ പലതും പറഞ്ഞ് അനുനയിപ്പിച്ചശേഷം പാതിതുറന്ന ജനല്‍വഴി സ്ത്രീയുടെ കൈയിലുള്ള തീപ്പെട്ടിയിലടക്കം വെള്ളം ചീറ്റി നനച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനപ്പെടുത്തി വാതില്‍ തുറപ്പിച്ചു.
അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് പി.പി.ബെന്നി, ഫയര്‍മാന്‍മാരായ വരുണ്‍ ഗോപി, എസ്.കിരണ്‍കുമാര്‍, എച്ച്.ടി.ഭഗത്, ഡ്രൈവര്‍ ജയശങ്കര്‍, ഹോംഗാര്‍ഡുകളായ വി.വി.നാരായണന്‍, കെ.പി.ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ടീമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
