കോളിളകിയിട്ട് 43 വര്‍ഷം തികയുന്നു-

കോളിളക്കം’ റിലീസായിട്ട് ഈ ഫെബ്രുവരി ഇന്ന് 43 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ജയന്‍ അവസാനമായി ക്യാമറയെ അഭിമുഖീകരിച്ച സിനിമയെന്ന നിലയില്‍ എല്ലാക്കാലവും പ്രാധാന്യത്തോടെ ഓര്‍ക്കപ്പെടുന്ന ചിത്രമായിരിയ്ക്കും കോളിളക്കം. ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ സകല സാധ്യതകളും നല്ലപോലെ വിനിയോഗിച്ച ചിത്രം തന്നെയായിരുന്നു കോളിളക്കം. അതേസമയം, ഈ ചിത്രത്തിന്റെ മൂലകഥ കടമെടുത്തിരിക്കുന്ന ബി ആര്‍ ചോപ്രയുടെ WAQT എന്ന എക്കാലത്തെയും ക്ളാസ്സിക് സിനിമയുമായി കോളിളക്കത്തെ താരതമ്യം ചെയ്യുന്നത് മണ്ടത്തരവുമാണ് (നിര്‍മ്മതാവായ സി വി ഹരിഹരന്റെ പേരില്‍ തന്നെയാണ് ‘കോളിളക്കം’ സിനിമയുടെ കഥയുടെ ക്രെഡിറ്റും കൊടുത്തിട്ടുള്ളത്) പ്രധാന സംഭവങ്ങളെല്ലാം ഹിന്ദി സിനിമയുടെ രീതിയ്ക്ക് തന്നെ ചെയ്തുവച്ചെങ്കിലും ക്ലൈമാക്‌സില്‍ മാറ്റം വരുത്തി.. ആക്ഷന്‍ ഡോസ് കൂട്ടുന്നതിന്റെ വേണ്ടി, WAQTലെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ കോടതി ക്ലൈമാക്‌സിന് പകരമായി, കോളിളക്കത്തില്‍ ഹെലിപാഡ് സ്റ്റണ്ട് ആയിരുന്നല്ലോ.. ഉദ്വേഗം കൂട്ടാനുള്ള ശ്രമത്തില്‍ ഒരു മനുഷ്യ ജീവന്‍ ബലികഴിയ്ക്കേണ്ടി വന്നത് തികച്ചും ദൗര്‍ഭാഗ്യകരം
കോളിളക്കം സിനിമയുടെ കഥ ഞാന്‍ വിശദമായി എഴുതി നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നറിയാം. ഇതിനു മുമ്പ് അധികമാരും പരാമര്‍ശിച്ചിട്ടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് മാത്രമേ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിയ്ക്കുന്നുള്ളൂ.. ജയന്‍ അവതരിപ്പിച്ച രാജന്‍ എന്ന കഥാപാത്രം ആദ്യം തിരക്കഥയില്‍ കൊല്ലപ്പെടുന്നില്ല എന്നായിരുന്നെങ്കിലും, ‘അപകട’ത്തിന് ശേഷം രാജന്‍ മരിച്ചെന്ന് ചിത്രീകരിയ്‌ക്കേണ്ടി വന്നല്ലോ എന്നാല്‍ ക്ലൈമാക്‌സ് മാത്രമല്ല, വേറെയും കുറെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിവച്ചിട്ടായിരുന്നു ജയന്‍ അന്ന് യാത്രയായത്. അതേക്കുറിച്ചാണ് എന്റെ ഈ കുറിപ്പില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്..
1- സുമലതയുടെ വീട്ടില്‍ നിന്നും മഹാബലിപുരത്തേക്ക് സോമനും ജയനും തമ്മിലുള്ള കാറോട്ട മത്സരരംഗം ജയന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.. സോമന്‍ കാറോടിയ്ക്കുന്നതിന്റെ ചില ക്‌ളോസപ് രംഗങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും ജയന്റെ ഡ്രൈവിംഗ് ഡ്യൂപ്പിന്റെ വച്ചായിരുന്നു ചിത്രീകരിച്ചിരിയ്ക്കുന്നത്. വലിയ ഒരു ആല്‍മരത്തിന്റെ മുന്നിലാണ് ആ മത്സരം അവസാനിയ്ക്കുന്നതായി കാണിച്ചിട്ടുള്ളത്. മത്സരത്തില്‍ വിജയിയാകുന്ന ജയന്‍ കാറില്‍ നിന്നിറങ്ങുന്ന രംഗം, നേരത്തെ സുമലതയുടെ വീടിനു മുന്നില്‍ കാറില്‍ നിന്നും ജയന്‍ ഇറങ്ങുന്ന രംഗത്തില്‍ നിന്നും വെട്ടിച്ചേര്‍ത്ത് പൂര്‍ത്തിയാക്കി. (സുമലതയുടെ വീടിന്റെ എതിര്‍വശത്ത് ഉണ്ടായിരുന്ന മതിലും ചെടിയും പൂക്കളും ഈ രംഗത്തില്‍ വ്യക്തമായി കാണാം..) മറ്റൊരു കാറില്‍ സുമലത അവരെ പിന്തുടര്‍ന്ന് അവിടെ എത്തുന്ന ഭാഗത്തിലും ജയനെ നേരില്‍ കാണിയ്ക്കുന്നില്ല എന്ന് മാത്രമല്ല, കാറോട്ട മത്സരം അവസാനിച്ചതായി കാണിച്ചിരിയ്ക്കുന്ന ഭാഗത്തായിരുന്നില്ല സുമലത വന്നുചേര്‍ന്ന ശേഷമുള്ള രംഗങ്ങള്‍ എടുത്തിട്ടുള്ളത്!
2- സോമന്റെ പണം കൊള്ളയടിച്ച ശേഷം കാറില്‍ കടന്നുകളയുന്ന ജയനെ സിലോണ്‍ മനോഹറിന്റെ ആളുകള്‍ പിന്തുടര്‍ന്ന് എത്തുന്നതും, ഒരു സ്റ്റണ്ട് രംഗവും കോളിളക്കത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. ആ രംഗത്തിനൊടുവില്‍ ഗുണ്ടകളുടെ തോക്കിന്‍മുനയില്‍ നിന്നും ജയനെ രക്ഷപ്പെടുത്തുന്നത് സുകുമാരന്റെ കഥാപാത്രമാണ്. എന്നാല്‍ സുകുമാരനും ജയനും ഈ രംഗത്തില്‍ മുഖാമുഖം വരുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല.. ഗുണ്ടകളെ ഓടിച്ചശേഷം, ജയന്‍ സുകുമാരനോട് നന്ദി പറയുന്ന ഭാഗത്തില്‍ ജയന്റെ ഡ്യൂപ്പ് ആയിരുന്നു.. അതുപോലെ ജയന്‍ ഡയലോഗ് പറയുന്ന ഭാഗത്ത്, ജയനെ കാണിയ്ക്കാതെ, സുകുമാരന്റെ റിയാക്ഷന്റെ പശ്ചാത്തലത്തിലാണ് തീര്‍ത്തത്.. സുകുമാരനെ സ്വന്തം കാറിലേക്ക് ജയന്‍ ക്ഷണിയ്ക്കുന്ന ക്ലോസിങ് ഷോട്ടിലും ജയന്റെ ഡ്യൂപ്പിനെ വ്യക്തമായി കാണാം..
3- ഹെലിപാഡിലെ ആ സാഹസിക സ്റ്റണ്ട് രംഗത്തില്‍ അല്ലാതെ ജയനും സുകുമാരനും കോളിളക്കത്തില്‍ ഒന്നിച്ച് ഷൂട്ടിങ്ങിന് പങ്കെടുത്തിട്ടില്ലെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. ഇരുവരും രണ്ടാമത് ഒന്നിയ്ക്കുന്ന രംഗം ബാലന്‍ കെ നായരുടെ ബംഗ്ലാവിലാണ്.. ക്ലൈമാക്‌സിലേക്ക് നീളുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കുന്ന ആ രംഗത്ത് സുകുമാരന്റെ കഥാപാത്രം ബാലന്‍ കെ നായരുടെ ഗുണ്ടകളാല്‍ ബന്ധനസ്ഥനാണ്. ജയന്‍ അങ്ങോട്ട് കയറിവന്നിട്ട് ബാലന്‍ കെ നായരുമായി വെല്ലുവിളി നടത്തുമ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന രീതിയിലാണ് സുകുമാരന്റെ കഥാപാത്രം.. അത് സുകുമാരനല്ല എന്ന് വ്യക്തമായി അറിയാനാകുന്നുണ്ട്. പിന്നീട് ആ രംഗത്തില്‍ കെ ആര്‍ വിജയ്‌യും സോമനും കടന്നുവരുന്നുണ്ട്. അവിടെയും സുകുമാരന്റെ ഡ്യൂപ്പിനെ പുറംതിരിച്ചു നിര്‍ത്തിയിട്ടാണ് ആ രംഗങ്ങള്‍ എടുത്തിട്ടുള്ളത്. സുകുമാരന്റെ Counter Reactions പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും വ്യക്തം
4- താന്‍ സ്‌നേഹിയ്ക്കുന്ന പെണ്ണിനെ മറ്റൊരാളും ഇഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ അയാളെ വകവരുത്താന്‍ ഇരുളിന്റെ മറവില്‍ രാജന്‍ എത്തുന്ന രംഗം ഓര്‍മ്മകാണുമല്ലോ.. (ഹിന്ദിയിലും സമാനമായ രീതിയിലാണ് ഈ രംഗവും.. അതിലും രാജാ എന്നായിരുന്നു കഥാപാത്രത്തിന്റെ പേരും..) ഈ രംഗം പൂര്‍ണ്ണമായും ഡ്യൂപ്പിനെ വച്ചിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.. ജയന്റെ ക്ലോസപ്പ് റിയാക്ഷനുകള്‍ എല്ലാംതന്നെ, ഞാന്‍ നേരത്തെ സൂചിപ്പിച്ച, ബാലന്‍ കെ നായരുടെ ബംഗ്ലാവില്‍ ചിത്രീകരിച്ച രംഗങ്ങളില്‍ നിന്നും എടുത്തു ചേര്‍ത്തിരിക്കുന്നു..
5- സിലോണ്‍ മനോഹറിന്റെ ജഡം തന്റെ വീട്ടിലെ അലമാരയില്‍ കാണുമ്പോള്‍, പരിഭ്രമിച്ച് പോലീസില്‍ നിന്നും ഭയന്നോടുന്ന രാജന്‍, തുടര്‍ന്ന് സോമന്റെ വീട്ടിലാണ് വന്നുകേറുന്നതായി കാണിച്ചിട്ടുള്ളത്. തന്റെ കൂടെ അത്യവശ്യമായി വരണമെന്ന് രാജന്‍ പറയുമ്പോള്‍, തത്കാലം പറ്റില്ലെന്നും ഇന്ന് തന്റെ പെറ്റമ്മയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്നും സോമന്‍ മറുപടി പറയുന്നുണ്ട്.. ഈ രംഗത്തിലും ജയന്റെ ശരീര സാന്നിധ്യമില്ല. ജയന്റെ ക്‌ളോസപ്പ് റിയാക്ഷന്‍, സി വി ഹരിഹരന്റെ തന്നെ ആവേശം എന്ന ചിത്രത്തിലെ, ജയനും ജയനും തമ്മിലുള്ള ഫൈറ്റ് സീനിന്റെ മുന്നോടിയായുള്ള രംഗത്തില്‍ നിന്നും ചേര്‍ത്തിരിക്കുന്നു.
പോലീസില്‍ നിന്നും ഭയന്നോടുന്ന രംഗത്തില്‍ ജയന്‍, ഡിസൈനുള്ള വെള്ള ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.. അതില്‍ ചോരപ്പാടുമുണ്ട്.. പിന്നീട് ബാലന്‍ കെ നായരുടെ ബംഗ്ലാവിലെ രംഗത്തിലും ചോരപ്പാടുകളുള്ള വെള്ള ഷര്‍ട്ടില്‍ തന്നെ ജയനെ കാണാം.. പക്ഷെ ഈ സോമന്റെ രംഗത്തില്‍ മറ്റൊരു ഡ്രസ്സ് ആയിരുന്നു. (സോമനും ജയനും സഹോദരങ്ങളാണ് എന്ന് പരസ്പരം മനസ്സിലാക്കുന്ന രംഗങ്ങള്‍ നേരത്തെ ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. പകരമായി ഒപ്പിച്ചതാകണം ഈ ‘ആവേശ’ദൃശ്യങ്ങള്‍)
ഞാനിവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍, നിങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്നോ ശ്രദ്ധിച്ചിട്ടില്ലെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷെ കോളിളക്കം പൂര്‍ത്തിയാക്കാന്‍ ജയന് സാധിച്ചില്ല എന്ന് പലരും പറയുമ്പോഴും ഏതൊക്കെ രംഗങ്ങള്‍ ജയന്റെ അസാന്നിധ്യത്തില്‍ എടുക്കണ്ടി വന്നിട്ടുണ്ട് എന്നത്, അധികമാരും പറഞ്ഞു കണ്ടതായി എനിയ്ക്കറിവില്ല. WAQTല്‍ പ്രകൃതി ദുരന്തത്തോടെയാണ് കുടുംബം വേര്‍പിരിയുന്നത്.. എന്നാല്‍ കോളിളക്കത്തില്‍ കടലിന്റെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. മധു അവതരിപ്പിച്ച പ്രഭാകരന്റെയും കുടുംബത്തിന്റെയും വേര്‍പിരിയലിന് കാരണമാകുന്നത്, ആദ്യം കടല്‍ക്ഷോഭവം പിന്നെ സണ്ണിയുടെ പ്രവര്‍ത്തികളും ആയിരുന്നല്ലോ.. ആ ഭാഗങ്ങള്‍ക്ക് മിഴിവേകാനും സംവിധായകന്‍ പി എന്‍ സുന്ദരത്തിന് സാധിച്ചിട്ടുണ്ട്.. അകമ്പടിയായി എം എസ് വിയുടെ ഒരു ‘haunting bgm’ കൂടി ചേര്‍ത്തിട്ടുണ്ട്
കോളിളക്കത്തില്‍ എനിയ്ക്ക് ഒട്ടുമിഷ്ടപ്പെടാതെ പോയത് ശങ്കരാടിയും കുഞ്ചനും ശ്രീലതയും ഉള്‍പ്പെടുന്ന കോമഡി ട്രാക്കാണ്. ജയന്‍ മരിച്ചതോടെ പല ഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നപ്പോള്‍ സിനിമയുടെ നീളം വല്ലാതെ കുറഞ്ഞുപോയി എന്ന തോന്നലാണോ അങ്ങനൊരു ട്രാക്കിന് വഴിതെളിച്ചത് എന്ന് സംശയമുണ്ട്. എന്തായാലും കോളിളക്കത്തിന്റെ പ്രധാനകഥ ഹിന്ദിയില്‍ നിന്നെടുത്ത പോലെ ഈ കോമഡി ട്രാക്ക് തമിഴില്‍ നിന്നും അടിച്ചുമാറ്റിയതാണ്! ‘രാധയ്‌ക്കേറ്റ്ര കണ്ണന്‍’ എന്ന ചിത്രത്തില്‍ വൈ ജി മഹേന്ദ്രനും തേങ്ങായ് ശ്രീനിവാസനും മനോരമയും ചേര്‍ന്നുള്ള കോമഡി, കോളിളക്കത്തില്‍ അതുപോലെ പകര്‍ത്തി.. കുഞ്ചന്റെ കഥാപാത്രം ധരിച്ച അതേ സൈസ് തൊപ്പി തന്നെ വൈ ജി മഹേന്ദ്രന്റെ തലയിലും കാണാവുന്നതാണ്. 4114 മീറ്റര്‍ (17 റീല്‍) നീളമുള്ള കോളിളക്കത്തിന്റെ ഏകദേശം പതിനഞ്ച് മിനിറ്റോളം, പ്രധാന കഥയുമായി ഒരു ബന്ധവുമില്ലാത്ത ശങ്കരാടി – കുഞ്ചന്‍ – ശ്രീലത ടീമിന്റെ സംഭവങ്ങളാണ് പറയുന്നത്..
ജയന്റെ ഫോട്ടോ കാണിച്ചുകൊണ്ടാണ് കോളിളക്കം ടൈറ്റില്‍ കാര്‍ഡ് തുടങ്ങുന്നത്. പശ്ചാത്തലത്തില്‍ ജയന്റെ മുന്‍കാലത്തെ ചില സിനിമകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുക്കൊണ്ട് പി ഭാസ്‌കരന്‍ മാഷിന്റെ വരികള്‍.. പാട്ടിനൊടുവില്‍ ‘ജയ ജയ ജയതാരമേ’ എന്ന് ഗന്ധര്‍വ ശബ്ദത്തില്‍ കേള്‍ക്കുന്നതിന് മുമ്പായി നിര്‍മ്മാണ കമ്പനിയായ സുഗുണയുടെ പേരും സമര്‍ത്ഥമായി ചേര്‍ത്തിട്ടുണ്ട്.
മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത സിനിമയായിരിക്കും കോളിളക്കം.
സുഗുണ സ്‌ക്രീനിന്റെ ബാനറില്‍ സി.വി.ഹരിഹരന്‍ നിര്‍മ്മിച്ച് പി.എന്‍.സുന്ദരം സംവിധാനം ചെയ്ത ഈ സിനിമ 1981 ഫെബ്രുവരി 13 നാണ് ഇതേ ദിവസം റിലീസ്‌ചെയ്തത്.
ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് അനശ്വര നടന്‍ ജയന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ജയന്‍ മരണപ്പെട്ട് 87-ാമത്തെ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. സി.വി.ഹരിഹരന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ സിനിമക്ക് സംഭാഷണം രചിച്ചത് മേലാറ്റൂര്‍ രവിവര്‍മ്മ. ക്യാമറ-എ,ആനന്ദന്‍, എ.സോമസുന്ദരന്‍, പി.ചലപതിറാവു, എ.രംഗനാഥന്‍ എന്നിവരാണ്. എഡിറ്റര്‍-എം.ഉമാനാഥ്, എം.മണി. കല-രാധാകൃഷ്ണന്‍, പരസ്യം-രവിശങ്കര്‍. സുഗുണാസ്‌ക്രീന്‍ തന്നെയാണ് സിനിമ റിലീസ് ചെയ്തത്.
മധു, ജയന്‍, കെ.ആര്‍.വിജയ, സോമന്‍, സുകുമാരന്‍,കെ.പി.ഉമ്മര്‍, ബാലന്‍.കെ.നായര്‍, എം.എന്‍.നമ്പ്യാര്‍, കെ.പി.എ.സി.സണ്ണി, ടി.പി.മാധവന്‍, പി.കെ.എബ്രഹാം, സിലോണ്‍ മനോഹര്‍, ചവറ വി.പി.നായര്‍, പുന്നപ്ര അപ്പച്ചന്‍, സുമലത. മീനാ മേനോന്‍, സുകുമാരി, മീന, ശ്രീലത നമ്പൂതിരി, വിജയലക്ഷ്മി, പി.കെ.രാധാദേവി, മാസ്റ്റര്‍ കമല്‍, മാസ്റ്റര്‍ സുരേഷ്, മാസ്റ്റര്‍ ദീപന്‍ എന്നീ വലിയ താരനിരയാണ് സിനിമയിലുള്ളത്.
ബിച്ചുതിരുമലയുടെ ഗാനങ്ങള്‍ക്ക് എം.എസ്.വിശ്വനാഥനും ഗായകന്‍ യേശുദാസും സംഗീതം പകര്‍ന്നു.
ഗാനങ്ങള്‍-
1-ആദ്യപാഠത്തില്‍ തന്നെ(സംഗീതം-ആലാപനം-യേശുദാസ്).
2-ചെറുവള്ളിച്ചെമ്പല്ലി-പി.ജയചന്ദ്രന്‍, ബ്രഹ്‌മാനന്ദന്‍, അമ്പിളി.
3-കോളിളക്കം-എസ്.ജാനകി.
4-ഓമല്‍കലാലയ-ജോളി ഏബ്രഹാം, വാണി ജയറാം.
5-വെല്‍കം ലേഡീസ്-റംല. 
