ഇ.പിക്കെതിരെ മുഖ്യമന്ത്രി-പാപിയോടൊപ്പം കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി-

 

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി.ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജന്‍ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ ഇന്ന് കേരളം സംശയത്തോടെ നോക്കുന്ന ഒരാള്‍ അതിന് സാക്ഷ്യം വഹിച്ചു എന്നുള്ളതാണ് മറ്റൊരു കാര്യം. അയാള്‍ക്കാണെങ്കില്‍ പണം മാത്രമാണ് വേണ്ടത്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങള്‍ നിരത്തുന്ന ആളാണ് അത്.
‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും’ എന്നൊരു ചൊല്ലുണ്ട്. എന്നു പറയുന്നതു പോലെ ഇത്തതരം ആളുകളോട് സ്‌നേഹബന്ധം സൂക്ഷിക്കുന്നത് അപകടമാണ്. ഇ.പി.ജയരാജന്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ബിജെപിയും യുഡിഎഫും ഓരേ രീതിയിലാണ് പ്രചാരണം നടത്തുന്നത്. ബിജെപിക്ക് എതിരെ രാജ്യത്തിനുള്ളില്‍ വലിയൊരു ജനമുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യതയില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിനെതിരെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും വിജയിച്ചു പോയ യുഡിഎഫ് എംപിമാരും കേരളത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടില്ല അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് അതിനുള്ള മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.