ഡോ.രംഗനാഥ ശര്‍മയുടെ പാട്ടിലലിഞ്ഞ് പെരുഞ്ചെല്ലൂര്‍

തളിപ്പറമ്പ്: ഭാവ-രാഗ-താളങ്ങളുടെ മറക്കാനാവാത്ത മറ്റൊരു സായാഹ്നം കൂടി ആസ്വാദകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് പെരിഞ്ചല്ലൂര്‍ സംഗീത സഭ.

ലോകപ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ.ചേര്‍ത്തല കെ.എന്‍.രംഗനാഥ ശര്‍മ തന്റെ കലര്‍പ്പില്ലാത്ത സാമ്പ്രദായിക ആലാപന രീതിയിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സദസിനെ സവിശേഷ അനുഭൂതിയിലേക്ക് കൂട്ടികൊണ്ടുപോയി.

പെരിഞ്ചല്ലൂര്‍ സംഗീത സഭയുടെ എഴുപത്തി നാലാമത്തെ സംഗീതപരിപാടിയാണ് ഇന്നലെ തളിപ്പറമ്പ് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ അരങ്ങേറിയത്.

തോടി രാഗത്തില്‍ ഏറാന പൈ എന്നു തുടങ്ങുന്ന പട്ടണം സുബ്രഹ്‌മണ്യ അയ്യര്‍ രചിച്ച ആദി താള വര്‍ണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടര്‍ന്ന് ഹംസധ്വനി രാഗത്തില്‍ ഗം ഗണപതേ എന്ന കീര്‍ത്തനം.

തോടി രാഗത്തിലുള്ള ത്യാഗരാജ കൃതിയായ ‘കരുണജൂഡവമ്മ’ യാണ് മുഖ്യകൃതിയായി ആലപിച്ചത്.

തന്റെ ഘനഗാംഭീര്യ ശാരീരത്തിലൂടെ തോടി രാഗത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ ഒരു സ്വരചിത്രം പോലെ വരച്ചുവെയ്ക്കുകയായിരുന്നു ഡോ. രംഗനാഥ ശര്‍മ്മ. 

ആലംകോട് വി.എസ്.ഗോകുല്‍ വയലിനിലും പാലക്കാട് എ.എം.ഹരിനാരായണന്‍  മൃദംഗത്തിലും മികച്ച പിന്തുണ നല്‍കി. കലാകാരന്മാരെ സി.ജി.ഗോപനും, പ്രഭാകരനും ചേര്‍ന്ന് ആദരിച്ചു.