യു.ഡി.എസ്.എഫ് പാനലിന് ഉജ്ജ്വല വിജയം-30 വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക തകര്‍ന്നു.

പരിയാരം: മുപ്പത് വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക തകര്‍ത്ത് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളും സഖ്യം പിടിച്ചെടുത്തു. ചെയര്‍മാനായി മുഹമ്മദ് ഹിഷാം മുനീറും ജന.സെക്രട്ടെറിയായി ഹുസ്നുല്‍ മുനീറുമാണ് വിജയിച്ചത്.

വിജയിച്ച മറ്റുള്ളവര്‍-വൈസ് ചെയര്‍മാന്‍-ഇ.അമീന്‍, വൈസ് ചെയര്‍പേഴ്സന്‍(വിമന്‍)-എസ്.സജിത, ജോ.സെക്രട്ടെറി-ഫാറാസ് ഷെരീഫ്, മാഗസിന്‍ എഡിറ്റര്‍-ഷിബിന്‍ ഫവാസ്, ഫൈനാര്‍ട്സ് സെക്രട്ടെറി മുഹമ്മദ് ജാസിം, യു.യു.സി(യു.ജി)-കെ.വാജിദ്, യു.യു.സി(പി.ജി)-മുഹമ്മദ് റസാല്‍, 2021 ബാച്ച് റപ്രസന്റേറ്റീവ്-മുഹമ്മദ് നവാസ്, 2022 ബാച്ച് റപ്രസന്റേറ്റീവ്-മുഹമ്മദ് ഫവാസ്, 2023 ബാച്ച് റപ്രസന്റേറ്റീവ്-ടി.എ.ആമിന ഫിസ. 1993 മുതല്‍ എസ്.എഫ്.ഐ എതിരില്ലാതെയാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഈ മാസം 18 ന് മാത്രം രൂപീകരിക്കപ്പെട്ട യു.ഡി.എസ്.എഫ് സഖ്യത്തിന് നേരെ എസ്.എഫ്.ഐയും പുറത്തുനിന്നുള്ള സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഭീഷണിയുമായി രംഗത്തുവന്നിരുന്നുെവങ്കിലും പരിയാരം പോലീസിന്റെ കര്‍ക്കശമായ സമീപനം കാരണമാണ് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ പോലും സാധിച്ചത്.

സ്പോര്‍ട്സ് ആന്റ് ഗെയിംസ് സെക്രട്ടെറിയായി എം.ആര്‍.ആദിത്യകൃഷ്ണനും, 2020 ബാച്ച് പ്രതിനിധിയായി അതുല്‍ പി.അരുണും പി.ജി.പ്രതിനിധിയായി ജി.അഖിലുമാണ് എസ്.എഫ്.ഐ പാനലില്‍ മൂന്ന് സീറ്റുകളിലേക്ക് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ പോലീസ് കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിജയികളുമായി പ്രവര്‍ത്തകര്‍ കാമ്പസില്‍ ആഹ്ളാദപ്രകടനം നടത്തി. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.